From the print
"ഇത് പുതിയ യുഗത്തിന്റെ തുടക്കം'
"40 വയസ്സി'ന്റെ കടന്പ കടക്കാൻ പ്രത്യേക നിയമം പാസ്സാക്കി പിതാവിന്റെ സ്വേച്ഛാധിപത്യവഴിയിൽ ബശ്ശാറും
ദമസ്‌കസ് | 53 വർഷത്തിലേറെയായുള്ള അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണത്തിന് വിരാമമായതോടെ സിറിയൻ തെരുവുകളിലെങ്ങും വിമതരുടെ ആഘോഷം. പിതാവ് ഹാഫിസ് അൽ അസദിന്റെ മരണശേഷം അധികാരമേറ്റെടുത്ത ബശ്ശാർ അൽ അസദ് രാജ്യത്തെ വലിയ രാഷ്ട്രീയ മാറ്റത്തിലേക്ക് എത്തിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു സിറിയൻ ജനതക്ക്. എന്നാൽ കുടുംബവാഴ്ച തന്നെയായിരുന്നു സിറിയിൽ കണ്ടത്. അര നൂറ്റാണ്ടിനിപ്പുറം അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതത്വത്തിലുള്ള വിമതർ അസദിന്റെ അധികാരം അവസാനിപ്പിച്ചതോടെ പുതിയ ചുവടുവെപ്പിന് കാതോർക്കുകയാണ് സിറിയ.
‘ഒരു ഇരുണ്ട കാലഘട്ടത്തിന്റെ അവസാനവും സിറിയയുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കവും’ എന്നാണ് അസദ് ഭരണത്തിന്റെ പതനത്തെ വിമത നേതാക്കൾ വിശേഷിപ്പിച്ചത്. വിദേശത്ത് കഴിയുന്ന പൗരന്മാരോട് ‘സ്വതന്ത്ര സിറിയ’യിലേക്ക് മടങ്ങാൻ വിമതർ ആഹ്വാനം ചെയ്തു.
അസദിന്റെ വരവിങ്ങനെ
ലണ്ടനിൽ പഠിക്കുകയായിരുന്ന നേത്രരോഗ വിദഗ്ധനായ അസദ് യഥാർഥത്തിൽ സിറിയയുടെ പ്രസിഡന്റ് ആകാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. തന്റെ മൂത്ത മകനായ ബാസിലിനെ അധികാരമേൽപ്പിക്കാനായിരുന്നു ഹാഫിസിന്റെ പദ്ധതി. എന്നാൽ 1994ൽ വാഹനാപകടത്തിൽ ബാസിൽ മരിച്ചതോടെ അധികാര ചുമതല രണ്ടാമത്തെ മകൻ ബശ്ശാറിന് കൈമാറാൻ ഹാഫിസ് നിർബന്ധിതനായി.
പാർലിമെന്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രായം 40 ആയിരുന്നു സിറിയയിൽ. അതിനാൽ തന്നെ, ബശ്ശാറിനെ പ്രസിഡന്റാക്കാൻ നിയമതടസ്സമുണ്ടായിരുന്നു. ഇത് മറികടക്കാൻ സ്ഥാനാർഥിയാകാനുള്ള പ്രായം 40ൽ നിന്ന് 34 ആക്കി കുറക്കുന്ന നിയമവും പാസ്സാക്കി. 2000ൽ ഹാഫിസ് മരിച്ചതോടെ ജനഹിത പരിശോധനയിൽ 97 ശതമാനം വോട്ട് നേടി ബശ്ശാർ അൽ അസദ് സിറിയൻ പ്രസിഡന്റ് പദവിയിലേക്ക് ചവിട്ടിക്കയറി.
പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്ന ബശ്ശാറിന്റെ ഭരണനാളുകളുടെ തുടക്കത്തിൽ രാഷ്ട്രീയ നവീകരണ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക മേഖലയിൽ മാത്രം ചെറിയ തോതിൽ മാറ്റം കൊണ്ടുവന്നതൊഴിച്ചാൽ 1970 മുതൽ പിതാവ് ഹാഫിസ് അൽ അസദിന്റെ 30 വർഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ തനിപ്പകർപ്പായിരുന്നു ബശ്ശാറും. പിതാവിന്റെ അടുപ്പക്കാരെ തന്റെയും വിശ്വസ്തരായി ഉന്നത സ്ഥാനത്ത് കുടിയിരുത്തി. അവരിൽ ഭൂരിഭാഗം പേരും സിറിയയിലെ പ്രഭുക്കന്മാരായിരുന്നു.
സഹോദരൻ മഹർ, സഹോദരി ബുശ്‌റ, അവരുടെ ഭർത്താവ് ആസിഫ് ശൗക്കത്ത് തുടങ്ങിയവർ പ്രതിരോധ, സുരക്ഷാ, സൈനിക കേന്ദ്രങ്ങളുടെ ഉന്നതിയിലെത്തി.
കുടുംബാധിപത്യത്തിന്റെ പിടിയിലമർന്ന സിറിയയിലെ പ്രതിഷേധങ്ങളെ ക്രൂരമായാണ് അസദ് ഭരണകൂടം അടിച്ചമർത്തിയത്. റഷ്യയുടെയും ഇറാന്റെയും ലബനീസ് സായുധഗ്രൂപ്പായ ഹിസ്ബുല്ലയുടെയും പിന്തുണയായിരുന്നു അസദിന്റെ ബലം. വർഷങ്ങളോളം സിറിയയിലെ ന്യൂനപക്ഷവിഭാഗത്തിന്റെ സംരക്ഷകനായി സ്വയം അവതരിച്ച അസദിന്റെ വീഴ്ച മധ്യപൗരസ്ത്യ മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.