National
'സഹകരിക്കാത്തവർ വിശ്രമിക്കണം, ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്തവർ വിരമിക്കണം'; നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ
സംഘനടാ രൂപീകരണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരുടെ പങ്ക് പ്രധാനമാണെന്നും അതിനാൽ തന്നെ, എഐസിസി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ നിയമനം കർശനമായും നിഷ്പക്ഷമായും നടത്തുമെന്നും ഖാർഗെ

അഹമ്മദാബാദ് | പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർ വിശ്രമിക്കണമെന്നും, ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവർ വിരമിക്കണമെന്നും കോൺഗ്രസ് നേതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സബർമതി നദിയുടെ തീരത്ത് നടന്ന എഐസിസി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംഘനടാ രൂപീകരണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരുടെ പങ്ക് പ്രധാനമാണെന്നും അതിനാൽ തന്നെ, എഐസിസി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ നിയമനം കർശനമായും നിഷ്പക്ഷമായും നടത്തുമെന്നും ഖാർഗെ വ്യക്തമാക്കി.
ജില്ലാ പ്രസിഡൻ്റ് സ്ഥാനമേറ്റ് ഒരു വർഷത്തിനുള്ളിൽ ഏറ്റവും മികച്ച ആളുകളെ ഉൾപ്പെടുത്തി ബൂത്ത് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിക്കണം എന്നും ഖാർഗെ പറഞ്ഞു. ഇതിൽ യാതൊരു പക്ഷപാതവും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളമുള്ള ജില്ലാ പ്രസിഡൻ്റുമാരുടെ മൂന്ന് യോഗങ്ങൾ ചേർന്നതായും അതിൽ അവർ മുന്നോട്ടുവെച്ച അഭിപ്രായങ്ങൾ സ്വികരിച്ചതായും ഖാർഗെ പറഞ്ഞു. ഭാവിയിൽ, തിരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയിൽ ജില്ലാ പ്രസിഡൻ്റുമാരെ ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിൻ്റെയും തത്വങ്ങളാണ് പാർട്ടി പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയില്ലാതെ സംഖ്യകൾ യഥാർത്ഥ ശക്തിയാവില്ല. നൂലുകളുടെ ഇഴകൾ വേർപിരിഞ്ഞിരുന്നാൽ അതൊരു പ്രശ്നമല്ല. എന്നാൽ അവ വലിയ രീതിയിൽ ഒത്തുചേരുമ്പോൾ, ഒരു തുണിയുടെ രൂപം കൈക്കൊള്ളുന്നു. അപ്പോൾ അവയുടെ ശക്തിയും സൗന്ദര്യവും ഉപയോഗവും അതിശയകരമാകും – വല്ലഭായ് പട്ടേലിനെ ഉദ്ധരിച്ച് ഖാർഗെ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വീണ്ടും പോരാടുകയാണെന്നും ഈ പോരാട്ടത്തിൽ, ശത്രുക്കൾ വീണ്ടും അനീതി, അസമത്വം, വിവേചനം, ദാരിദ്ര്യം, വർഗീയത എന്നിവയാണെന്നും ഖാർഗെ പറഞ്ഞു. അന്നത്തെ അനീതിയും ദാരിദ്ര്യവും അസമത്വവും പ്രോത്സാഹിപ്പിച്ചത് വിദേശികളായിരുന്നെങ്കിൽ, ഇപ്പോൾ നമ്മുടെ സ്വന്തം സർക്കാരാണ് അത് ചെയ്യുന്നതെന്നതാണ് ഏക വ്യത്യാസമെന്നും അദ്ദഹം പറഞ്ഞു.