Connect with us

National

'ഇന്ത്യക്ക് ഇന്ന് ആവശ്യം ഒരു ബോംബ്'; പാർലിമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലതും തീവ്രചിന്ത പടർത്തുന്നതാണെന്ന് അന്വേഷണ സംഘം

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റ് അതിക്രമ കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝായുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് അന്വേഷണ സംഘം. ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലതും തീവ്രചിന്ത പടർത്തുന്നതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യക്ക് ഇന്ന് ഒരു ബോബാണ് ആവശ്യമെന്നാണ് ഇയാൾ അടുത്തിടെ ഫേസ്ബുക്കിൽ കുറിച്ചത്.

ഒക്ടോബർ 26ന് ഫേസ്ബുക്കിൽ ലളിത് കുറിച്ചത് ഇങ്ങനെയാണ്: “ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് ബോംബാണ്. സ്വേച്ഛാധിപത്യം, അനീതി, അരാജകത്വം എന്നിവയ്ക്കെതിരെ ശക്തമായ ശബ്ദം ആവശ്യമാണ്”. ഉപജീവനത്തെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്നവർ ആരായാലും അവരെ ‘കമ്യൂണിസ്റ്റ്’ എന്ന് മുദ്രകുത്തുന്നു എന്നാണ് നവംബർ അഞ്ചിനുള്ള മറ്റൊരു പോസ്റ്റിൽ പറയുന്നത്.

ലളിതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം ഇത്തരത്തിലുള്ള പോസ്റ്റുകളാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ഇയാൾ മറ്റു പ്രതികളുമായി സോഷ്യൽ മീഡിയ വഴി സംസാരിച്ചിരുന്നോ, സംസാരിച്ചെങ്കിൽ എന്താണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിനിടെ ലളിത് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായും പോലീസ് വൃത്തങ്ങൾ പറയുന്നു. ഡൽഹിയിലേക്ക് വരുന്നതിന് മുമ്പ് അഞ്ച് മൊബൈൽ ഫോണുകൾ ഇയാൾ നശിപ്പിച്ചതായും പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാർലിമെന്റ് അതിക്രമത്തിൽ പങ്കെടുത്ത മറ്റു പ്രതികളുടെ മൊബൈൽ ഫോണുകൾ എല്ലാം ഇയാളുടെ കൈവശമായിരുന്നു. ആ ഫോണുകളാണ് ഇയാൾ നശിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Latest