Uae
വിമാനത്താവളത്തിൽ 'അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ' സംവിധാനം; നടപടിക്രമങ്ങൾ സെക്കന്റുകൾക്കുള്ളിൽ
2020ല്‍ ആരംഭിച്ച സ്മാര്‍ട്ട് ടണല്‍ സംരംഭത്തില്‍ നിന്നുള്ള വിവരങ്ങളാണ് ഈ പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്

ദുബൈ | ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു പുതിയ യാത്ര സംവിധാനം നിലവില്‍ വന്നു.’അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പാസ്‌പോര്‍ട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാര്‍ക്ക് യാതൊരുവിധ കാത്തുനില്‍പ്പുമില്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ജി ഡി ആര്‍ എഫ് എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്) സംഘടിപ്പിച്ചുവരുന്ന എ ഐ കോണ്‍ഫറന്‍സില്‍, ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആദ്യഘട്ടത്തില്‍ ടെര്‍മിനല്‍ മൂന്നിലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് ഈ അത്യാധുനിക സംരംഭം. ജി ഡി ആര്‍ എഫ് എയുടെ വിവരങ്ങള്‍ അനുസരിച്ച്, അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങള്‍ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു നൂതന സംയോജിത സംവിധാനമാണ് ‘അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’. ഒരേസമയം പത്ത് പേര്‍ക്ക് വരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും.
2020ല്‍ ആരംഭിച്ച സ്മാര്‍ട്ട് ടണല്‍ സംരംഭത്തില്‍ നിന്നുള്ള വിവരങ്ങളാണ് ഈ പുതിയ സേവനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇനി യാത്രക്കാര്‍ക്ക് ഒറ്റയ്ക്കൊറ്റക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായി പോലും സുഗമമായി കടന്നുപോകാന്‍ സാധിക്കും. ലോഞ്ചുകളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകള്‍ക്ക് ഏത് ദിശയില്‍ നിന്നും മുഖം പകര്‍ത്താന്‍ കഴിയും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.
ഭാവിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ ഈ പുതിയ രീതി വളരെ പ്രയോജനകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയില്‍ ഇത് എത്തുന്ന യാത്രക്കാര്‍ക്കും വ്യാപിപ്പിക്കാനും യാത്രക്കാര്‍ ഒരു തവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാവുന്ന ഒരു സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.’അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനത്തിന്, 2024 ലെ ജിടെക്സ് ഗ്ലോബലില്‍ അവതരിപ്പിച്ച ‘ട്രാവല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ്’ എന്ന പദ്ധതിയുമായി സാമ്യതകളുണ്ട്.