Connect with us

National

'ഹരിയാനയിലേത് നുണകള്‍ക്ക് മേല്‍ വികസനം നേടിയ വിജയം;ജമ്മു കശ്മീരിലെ ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനം'

സഖ്യകക്ഷികളുടെ കനിവില്‍ ജീവിക്കുന്ന കോണ്‍ഗ്രസ് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി |  സഖ്യകക്ഷികളുടെ കനിവില്‍ ജീവിക്കുന്ന കോണ്‍ഗ്രസ് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി. കോണ്‍ഗ്രസ് ജാതി വിഷം പടര്‍ത്താന്‍ ശ്രമിക്കുന്നതായും മോദി ആരോപിച്ചു. ഹരിയാന, ജമ്മു കശ്മീര്‍ ഫലം പുറത്തുവന്നതിന് പിറകെ ബിജെപി ആസ്ഥാനത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഹരിയാന ജനത ഇതിഹാസം രചിച്ചു. കോണ്‍ഗ്രസിന് ഒരിടത്തം രണ്ടാം ഊഴമില്ല. സംസ്ഥാനത്ത് ബിജെപിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നല്‍കി ഹരിയാന ചരിത്രം രചിച്ചു.ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിക്കുക മാത്രമല്ല, കൂടുതല്‍ സീറ്റുകള്‍ നല്‍കുകയും ചെയ്തു. കൂടുതല്‍ വോട്ട് ഷെയര്‍, പൂര്‍ണ്ണഹൃദയത്തോടെ ഞങ്ങള്‍ക്ക് അവര്‍ വോട്ട് ചെയ്തു. നുണകള്‍ക്ക് മേല്‍ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ഹരിയാനയിലെ ദലിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്- മോദി പറഞ്ഞു

ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണ്. ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 (എ) പിന്‍വലിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. വോട്ടു ശതമാനം കൂടിയത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു.