Connect with us

From the print

കണ്ണൂർ സി പി എമ്മിൽ വീണ്ടും ക്വട്ടേഷൻ വിവാദം

സി പി എം നടപടി സ്വീകരിച്ച ഡി വൈ എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ് നടത്തിയ ആരോപണത്തെ തുടർന്നാണ് പാർട്ടിയിൽ വീണ്ടും ക്വട്ടേഷൻ ബന്ധം ചർച്ചയായത്.

Published

|

Last Updated

കണ്ണൂർ | കണ്ണൂർ സി പി എമ്മിൽ വീണ്ടും ക്വട്ടേഷനും സ്വർണക്കടത്തും വിവാദമാകുന്നു. കഴിഞ്ഞ ദിവസം സി പി എം നടപടി സ്വീകരിച്ച ഡി വൈ എഫ് ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ് നടത്തിയ ആരോപണത്തെ തുടർന്നാണ് പാർട്ടിയിൽ വീണ്ടും ക്വട്ടേഷൻ ബന്ധം ചർച്ചയായത്.
സി പി എമ്മിലും ഡി വൈ എഫ് ഐയിലുമുള്ള ചില നേതാക്കൾക്ക് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തേ പരാതി നൽകിയയാളാണ് മനു തോമസ്. അദ്ദേഹത്തിന്റെ ആരോപണത്തിന് മറുപടിയുമായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തിയതോടെ ഇടവേളക്ക് ശേഷം ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്.

പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനുവിന്റെ ആരോപണം. ക്വട്ടേഷൻ, ക്രിമിനൽ സംഘങ്ങളുമായി പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണ്. അതിപ്പോഴും തുടരുന്നു. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയതാണ് പരാതി. ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ പ്രഹസനമായി.

ആരോപിതർ ഇപ്പോഴും പൊതുസമൂഹത്തിലും സാമൂഹികമാധ്യമങ്ങളിലും പാർട്ടിയുടെ ആളുകളെന്ന രീതിയിൽ ഞെളിഞ്ഞുനിൽക്കുന്നു. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും എല്ലാവരും തുടരുന്നു. ക്വട്ടേഷൻ, സൈബർ സംഘങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പാർട്ടി മനസ്സിലാക്കാൻ വൈകി. പാർട്ടിയുടെ ഭാഗത്ത് നിന്ന് തിരുത്തൽ ഉണ്ടാകില്ലെന്ന് ബോധ്യമായതോടെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും അംഗത്വം പുതുക്കാതിരിക്കുകയുമായിരുന്നു. മൂന്ന് കമ്മിറ്റികളിൽ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടണമെന്നാണ് പാർട്ടി നിയമം. എന്നാൽ, തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല. മനസ്സ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. യുവജന കമ്മീഷൻ അധ്യക്ഷനും ഡി വൈ എഫ്‌ ഐ നേതാവുമായ എം ഷാജറിനെതിരെയായിരുന്നു അദ്ദേഹം പരാതിപ്പെട്ടത്.

മനു തോമസിനെ പാർട്ടി പുറത്താക്കിയിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഒന്നര വർഷമായി അദ്ദേഹം പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാറില്ല. അംഗത്വം പുതുക്കിയതുമില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ബോധപൂർവം തഴഞ്ഞിട്ടില്ല. മനസ്സ് മടുത്ത് രാഷ്ട്രീയം വിടണമെങ്കിൽ ഒരാൾ കമ്മ്യൂണിസ്റ്റ് അല്ലാതിരിക്കണം. ക്വട്ടേഷൻ പ്രവർത്തനങ്ങളെ പാർട്ടിയിൽ ആരും സഹായിക്കുന്നില്ല. അവരുമായി ബന്ധം ഉള്ളവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയതാണ്. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറഞ്ഞതാണ്. ഷാജറിനെതിരെ മനു നൽകിയ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്.
മാഫിയാ സംഘങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി തവണ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു. തത്ഫലമായി ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കണ്ണൂരിൽ കുറഞ്ഞുവരികയാണ്. പാർട്ടിയിലെ ഒരു നേതാവും ക്വട്ടേഷൻകാരെ സഹായിക്കുന്നവരല്ല.

ചില ക്വട്ടേഷൻ സംഘാംഗങ്ങൾ സൈബർ പോരാളികളെ പോലെ നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലർ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിവാഹങ്ങളും മറ്റും നടത്തിക്കൊടുക്കുന്നു. അതിലൂടെ സുഹൃദ്്വലയം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതൊക്കെ തങ്ങൾ നടത്തുന്ന ക്രൂരതകളെ മറച്ചു വെക്കാനും സമൂഹത്തിൽ മാന്യത നേടാനുമാണ്. നവമാധ്യമ മേഖലയിൽ സി പി എം പ്രചാരണങ്ങൾ നടത്താൻ ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. അവരുടെ സഹായം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മനുവിനെതിരെ നടപടിയെടുത്തത്.

Latest