Connect with us

Kozhikode

ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് നിര്‍വഹിക്കാനുള്ളത് വലിയ ദൗത്യം: കാന്തപുരം

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതോടൊപ്പം അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും നന്മയിലധിഷ്ഠിതമായി സമൂഹത്തെ നയിക്കാനും ഹാഫിളുകള്‍ മുന്നോട്ടു വരണം.

Published

|

Last Updated

മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്നു.

കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സമൂഹത്തില്‍ വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതോടൊപ്പം അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും നന്മയിലധിഷ്ഠിതമായി സമൂഹത്തെ നയിക്കാനും ഹാഫിളുകള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് അലുംനൈ കൂട്ടായ്മ അത്ഖ സംഘടിപ്പിച്ച സമ്പൂര്‍ണ പൂര്‍വ വിദ്യാര്‍ഥി സംഗമം ‘കോണ്‍ഫാബി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ അധ്യക്ഷത വഹിച്ചു.

സംഗമത്തില്‍ ഹിഫ്‌ള് പഠനകാലത്തെ മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ച് ആയിരത്തോളം ഹാഫിളുകള്‍ പങ്കെടുത്തു. ഖുര്‍ആനിക സന്ദേശ പ്രചാരണ പ്രവര്‍ത്തന രംഗത്ത് പുതിയ ആലോചനകള്‍ക്കും കര്‍മ പദ്ധതികള്‍ക്കും ചടങ്ങില്‍ രൂപം നല്‍കി. സമൂഹത്തില്‍ ഹാഫിളുകള്‍ക്കുള്ള സ്ഥാനവും സാധ്യതകളും വിളംബരം ചെയ്താണ് കോണ്‍ഫാബ് സമാപിച്ചത്.

സയ്യിദ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ഖാരിഅ് ഹനീഫ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, സ്വാദിഖ് കല്‍പ്പള്ളി, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍ പ്രസംഗിച്ചു. അത്ഖ ജനറല്‍ സെക്രട്ടറി ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂര്‍ക്കനാട് വിഷന്‍ അവതരിപ്പിച്ചു. വിന്നേഴ്‌സ് ടോക്കില്‍ ഹാഫിള് ശമീര്‍ അസ്ഹരി, ഹാഫിള് ഉബൈദ് ഇസ്മാഈല്‍ പ്രസംഗിച്ചു.

 

Latest