Connect with us

Kerala

ഖുര്‍ആന്‍ സമ്മേളനം: സീ ക്യൂ ഖുര്‍ആന്‍ ഫെസ്റ്റ് ഇന്ന്

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ഇന്ന് മര്‍കസില്‍ നടക്കുന്ന അന്തിമ തല മത്സരത്തില്‍ മാറ്റുരക്കുക

Published

|

Last Updated

കോഴിക്കോട് | ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ 25-ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് മുന്നോടിയായി സഹ്‌റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥികളുടെ ഖുര്‍ആന്‍ ഫെസ്റ്റ് ‘തര്‍നീം’ ഇന്ന് നടക്കും.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ഇന്ന് മര്‍കസില്‍ നടക്കുന്ന അന്തിമ തല മത്സരത്തില്‍ മാറ്റുരക്കുക.

യൂണിറ്റ്, സോണ്‍ തല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയവരാണ് മത്സരികള്‍. ഖുര്‍ആന്‍ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളില്‍ നടക്കുന്ന ഫെസ്റ്റിലെ വിജയികള്‍ക്ക് 25 ന് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മാര്‍ച്ച് 25 ന് വൈകുന്നേരം നാലു മുതല്‍ 26 പുലര്‍ച്ചെ ഒന്നു വരെയാണ് ഖുര്‍ആന്‍ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും നടക്കുക.

വിവിധ ആത്മീയ-പ്രാര്‍ഥനാ മജ്ലിസുകള്‍ക്ക് പുറമെ മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ ഒമ്പതു ക്യാമ്പസുകളില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ വാര്‍ഷിക ഖുര്‍ആന്‍ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്.

കൂടാതെ ആയിരം ഹാഫിളുകള്‍ നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, തൗബ, തഹ്‌ലീല്‍ പ്രാര്‍ഥനാ സംഗമം, ദൗറത്തുല്‍ ഖുര്‍ആന്‍ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തില്‍ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.