Kerala
ഖുർആൻ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കും: കാന്തപുരം
മർകസ് ഖുർആൻ ഫെസ്സ് സമാപിച്ചു
മർകസ് ഖുർആൻ ഫെസ്റ്റ് രണ്ടാം എഡിഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.
കോഴിക്കോട് | വിശുദ്ധ ഖുർആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് മർകസിലെ ഖുർആൻ പഠിതാക്കൾ പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ ഖുർആൻ പഠന മേഖല വികസിപ്പിക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വ്യത്യസ്ത സെഷനുകളായി നടന്ന മത്സരങ്ങൾക്കും വിജ്ഞാന സദസ്സുകൾക്കുമാണ് ഇന്നലെ തിരശ്ശീല വീണത്. ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങളിൽ മർകസ് സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി.
സമാപന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ശൈഖ് ഫൗസി ഈജിപ്ത് എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. വിജയികൾക്ക് സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി ട്രോഫി സമ്മാനിച്ചു. കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയ ബുഖാരിയ്യ സെക്ടറിലെ ഹാഫിള് സാബിത് ചെറൂപ്പക്ക് മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എം.ക്വു.എഫ് അവാര്‍ഡ് നൽകി. പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മുഹമ്മദ് ഹനീഫ് സഖാഫി ആനമങ്ങാട് സമ്മാനം നൽകി.
കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികളാണ് ഫെസ്റ്റിൽ മാറ്റുരച്ചത്. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളായിരുന്നു ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിൽ നടന്നു. അബൂബക്കർ സഖാഫി പന്നൂർ സ്വാഗതവും അബ്ദുസമദ് സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.