Connect with us

ACTRESS ATTACK CASE

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍: അതിജീവിത കോടതിയെ സമീപിച്ചേക്കും

ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്ത്; ശ്രീലേഖയുടെ ലക്ഷ്യം ദിലീപിനെ സഹായിക്കലെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്

Published

|

Last Updated

കൊച്ചി | തനിക്കെതിരെ നടന്ന പീഡന കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തില്‍ പ്രതികരിച്ച മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖക്കെതിരെ നടി കോടതിയെ സമീപിച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിലെത്തുക. ക്രൈബ്രാഞ്ച് മൂന്ന് ദിവസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് ശ്രീലേഖയുടെ ആരോപണവും കോടതിക്ക് മുന്നിലെത്തുന്നത്.

യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുണ്ടായത്. ദിലീപ് നിരപരാധിയും മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണ് പ്രതിയാക്കിയതെന്നും ദിലീപിനെ കുടുക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീലേഖ ഉന്നയിച്ചത്.

ഇതിന് പുറമെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് സന്ദേശങ്ങള്‍. 2021 ല്‍ ശ്രീലേഖയും ദിലീപും തമ്മില്‍ നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്.

അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും.

അതിനിടെ നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ച് പറയുന്നു. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.