Connect with us

From the print

എലിപ്പനി: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

പനി, തലവേദന, കഠിനമായ ക്ഷീണം, പേശീവേദന തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകളുണ്ട്.

Published

|

Last Updated

പത്തനംതിട്ട | രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശീവേദന തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകളുണ്ട്. വിദഗ്ധ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്.

നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, വാഹനങ്ങള്‍ കഴുകുക, കൃഷിപ്പണി, നിര്‍മാണ പ്രവൃത്തി, വയലിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുഖം കഴുകുക, വൃത്തിയില്ലാത്ത വെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ രോഗകാരണമാകാം.

വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധ ഉണ്ടാകാം. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍, ശുചീകരണ ജോലിക്കാര്‍, ഹരിത കര്‍മസേന, കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, ചെറിയ കുളങ്ങളിലും പാടങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, കെട്ടിടം പണി ചെയ്യുന്നവര്‍, വര്‍ക്ക് ഷോപ്പ് ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

രോഗത്തെ പ്രതിരോധിക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാം. ആഴ്ചയില്‍ ഒരു തവണ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ടെണ്ണം) ആഹാരം കഴിച്ചതിനു ശേഷം കഴിക്കാം. ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

 

Latest