Kerala
പേവിഷബാധക്കുള്ള വാക്‌സിന്‍ ഫലപ്രദമാണോയെന്ന് പരിശോധിക്കണം; ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി
ലോകായുക്തയുടെ പല്ലല്ല, തെരുവ് നായയുടെ പല്ലാണ് പറിക്കേണ്ടത്; പി കെ ബഷീര്‍
തിരുവനന്തപുരം പേവിഷബാധക്കുള്ള വാക്‌സിന്റെ കാര്യത്തില്‍ സംശയമുണ്ടെന്ന പ്രതിപക്ഷത്തന്റെ ആരോപണത്തെ എതിര്‍ത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി. തെരുവ്‌നായ ശല്ല്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗം പി കെ ബഷീറിന്റെ അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് സംഭവം.
പേവിഷബാധക്കുള്ള വാക്‌സിന്റെ കാര്യത്തില്‍ സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരുവ് നായകളുടെ വന്ധ്യംകരണം പൂര്‍ണമായി നിലച്ചുവെന്നത് ശരിയല്ലെന്നും വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പേവിഷബാധയേറ്റ് ഈ വര്‍ഷം 20 പേര്‍ മരിച്ചു. ഇതില്‍ 15 പേര്‍ വാക്‌സിനെടുത്തില്ലെന്നും വീണാ ജോര്‍ജ് മറുപടി നല്‍കി. 183931 പേര്‍ക്ക് ഈ വര്‍ഷം സംസ്ഥാനത്ത് തെരുവ്‌നായകളുടെ കടിയേറ്റതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേവിഷബാധക്കുള്ള വാക്‌സിന്‍ സംബന്ധിച്ച ആശങ്ക പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി വദിഗ്ദ സമിതിയെ നിയോഗിക്കണമോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷം സ്വാഗതം ചെയ്തു.
സംസ്ഥാനത്തെങ്ങും തെരുവ്‌നായ ശല്ല്യം രൂക്ഷമാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞു. തെരുവ്‌നായകള്‍ കാരണം നഗരങ്ങളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബശ്രീ വഴി നേരത്തെ തെരുവ്‌നായ ശല്ല്യത്തിനെതിരെ നടപ്പാക്കിയ പദ്ധതി കുളമാക്കിയത് കോടതിയാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കോടതി ഒന്നും പറയുന്നില്ല. ലോകായുക്തയുടേതല്ല, തെരുവ് നായയുടെ പല്ലാണ് പറിക്കേണ്ടതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.