Achievements
രബീന്ദ്രനാഥ് ടാഗോര്‍ അനുസ്മരണം: ആലപ്പുഴക്കാരി പാര്‍ലിമെന്റില്‍ പ്രസംഗിക്കും
കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് നിഖിത
തിരുവനന്തപുരം | രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം ഒമ്പതിന് പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ആലപ്പുഴ കൈനകരി സ്വദേശിനി നിഖിത തെരേസ അനുസ്മരണ പ്രസംഗം നടത്തും. കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയും ലോകസഭാ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാര്‍ലിമെന്ററി റിസേര്‍ച്ച് ആന്‍ഡ് ട്രൈനിംഗേ ഫോര്‍ ഡെമോക്രസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാഷനല്‍ യൂത്ത് പാര്‍ലിമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര നടത്തിയ സംസ്ഥാനതല യൂത്ത് പാര്‍ലിമെന്‍റ് മത്സരത്തില്‍ പങ്കെടുത്ത നിഖിത മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പാര്‍ലിമെന്റ് പരിപാടിയിലേക്ക് നെഹ്‌റു യുവ കേന്ദ്ര വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 25 പേരില്‍ ഒരാളാണ് നിഖിത. കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയും നിഖിതയാണ്.
ഇവരില്‍ നിഖിതയടക്കം എട്ട് പേര്‍ക്കാണ് ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം. ടാഗോറിനെക്കുറിച്ച് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള നിഖിതയുടെ റിക്കോര്‍ഡ് ചെയ്ത പ്രസംഗം ദേശീയതല സമിതി വിലയിരുത്തിയാണ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി തിരഞ്ഞെടുത്തത്.
ആലപ്പുഴ സെന്റ് ജോസഫ് കോളജ് ഫോര്‍ വുമണില്‍ ബി എസ് സി ബോട്ടണി ബിരുദ വിദ്യാഥിനിയാണ് നിഖിത തെരെസ. കൈനകരി പുതുവാത്ര വീട്ടില്‍ സിബിയുടെയും മേരിയുടെയും മകളായ നിഖിത ഇന്റര്‍ കോളജിയേറ്റ് ഡിബേറ്റ് മത്സരത്തില്‍ ബെസ്റ്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്‍ സി സിയിലും കോളജ് ഡിബേറ്റ് ക്ലബിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും നിഖിത സജീവമാണ്.