Connect with us

International

വംശീയതയും വിദ്വേഷവും പടർന്നുപിടിക്കുന്നു; 'എക്സി'നോട് വിട ചൊല്ലി ദ ഗാർഡിയൻ

എക്സിൽ തുടരുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുകയെന്ന് ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു

Published

|

Last Updated

ലണ്ടൻ | പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ സമൂഹമാധ്യമമായ എക്സിൽ നിന്ന് പിൻവാങ്ങി. ഇലോൺ മസ്ക് സ്വന്തമാക്കിയതിന് ശേഷം എക്സിൽ വംശീയതയും വിദ്വേഷ പ്രചാരണവും വ്യാപകമായെന്ന് ആരോപിച്ചാണ് നടപടി. ഇനി വാർത്തകളും ചിത്രങ്ങളും എക്സിൽ പത്രം പങ്കുവെക്കില്ല.

എക്സിൽ തുടരുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുകയെന്ന് ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നും മസ്ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഗാർഡിയൻ ആരോപിച്ചു.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ ഈ തീരുമാനത്തിൽ നിർണായകമായി. ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്ക്, എക്സിനെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു.

ഗാർഡിയൻ നേരിട്ട് ആർട്ടിക്കിളുകൾ എക്സിൽ പോസ്റ്റ് ചെയ്യില്ലെങ്കിലും, ഉപയോക്താക്കൾക്ക് തങ്ങളുടെ ആർട്ടിക്കിളുകൾ പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കാൻ സാധിക്കും.

2022ൽ ട്വിറ്ററിനെ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു സംഭവിച്ചതായി വ്യാപക വിമർശനമുയർന്നിരുന്നു.

ഗാർഡിയന്റെ ഈ തീരുമാനം, എക്സിന്റെ വിശ്വാസ്യതയിൽ വീണ്ടും വലിയ ആഘാതമുണ്ടാക്കും. മറ്റ് മാധ്യമ സ്ഥാപനങ്ങളും ഗാർഡിയനെ പിന്തുടരാൻ സാധ്യതയുണ്ട്.

Latest