Ongoing News
വംശീയ വെറിക്ക് റെഡ് കാര്‍ഡ്; മാതൃകാ സന്ദേശവുമായി ഫ്രഞ്ച് ഫുട്‌ബോള്‍
ഈ വാരാന്ത്യത്തില്‍ നടക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും ലീഗ് മത്സരങ്ങളില്‍ കളിക്കാരും റഫറിമാരും വംശീയ വെറിക്കെതിരായ സന്ദേശങ്ങളെഴുതിയ പ്രത്യേക ബാഡ്ജുകള്‍ ജഴ്‌സിയില്‍ ധരിച്ചാണ് കളത്തിലിറങ്ങുക.

പാരിസ് | വംശീയ വിവേചനങ്ങള്‍ക്കെതിരായ സന്ദേശമുയര്‍ത്താനൊരുങ്ങി ഫ്രഞ്ച് ഫുട്‌ബോള്‍. ഈ വാരാന്ത്യത്തില്‍ നടക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും ലീഗ് മത്സരങ്ങളില്‍ കളിക്കാരും റഫറിമാരും വംശീയ വെറിക്കെതിരായ സന്ദേശങ്ങളെഴുതിയ പ്രത്യേക ബാഡ്ജുകള്‍ ജഴ്‌സിയില്‍ ധരിച്ചാണ് കളത്തിലിറങ്ങുക.
‘വംശീയത, ഫുട്‌ബോള്‍ എന്നീ വാക്കുകളാണ് ബാഡ്ജിലുണ്ടാവുക. ഇതില്‍ വംശീയത എന്ന വാക്ക് ചുവന്ന വര കൊണ്ട് ക്രോസ് ചെയ്തിട്ടുണ്ടാവും.’-ഫ്രഞ്ച് സോക്കര്‍ ലീഗ് (എല്‍ എഫ് പി) അറിയിച്ചു. വംശീയതയ്ക്കും സെമിറ്റിക് വിരുദ്ധതയ്ക്കും മൈതാനത്തോ സമൂഹത്തിലോ സ്ഥാനമില്ലെന്ന് എല്‍ എഫ് പി പ്രസിഡന്റ് വിന്‍സെന്റ് ലബ്രൂനെ പറഞ്ഞു. സുതാര്യവും ആദരണീയവും ഏകീകൃതവുമായ ഫുട്‌ബോളിനു വേണ്ടിയാണ് നാം ഒറ്റക്കെട്ടായി നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജഴ്‌സിയിലെ ബാഡ്ജിനു പുറമെ, മൈതാനത്തിന്റെ മധ്യഭാഗത്ത് ഇതേ സന്ദേശമെഴുതിയ ടാര്‍പോളിന്‍ വിരിക്കും. കൂടാതെ കളിക്കളത്തിനു ചുറ്റുമുള്ള പരസ്യ ബോര്‍ഡുകളിലും വലിയ സ്‌ക്രീനുകളിലും സന്ദേശം പ്രദര്‍ശിപ്പിക്കും.
വംശീയതക്കെതിരായ സന്ദേശമെഴുതിയ ജഴ്‌സികള്‍ പിന്നീട് ലേലം ചെയ്യുമെന്നും എല്‍ എഫ് പി അറിയിച്ചു.