Connect with us

Articles

റായ്ബറേലി ചൂണ്ടുന്ന രാഷ്ട്രീയം

റായ്ബറേലി സീറ്റിലേക്ക് രാഹുൽ ഗാന്ധി കടന്നുവരുന്നത് ഇന്ത്യ മുന്നണിയുടെ കൃത്യമായ രാഷ്ട്രീയ നീക്കമായി വിലയിരുത്തേണ്ടതുണ്ട്. ആദ്യ രണ്ട് ഘട്ട പോളിംഗുകൾ പിന്നിടുമ്പോൾ മോദി തരംഗമില്ലാത്ത തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്ന അനുമാനം പ്രബലമാകുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യ കേന്ദ്രമായ യു പിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം നിർണായകമാവുന്നത്.

Published

|

Last Updated

ഏപ്രിൽ 19ന് തുടങ്ങി ജൂൺ ഒന്നിന് അവസാനിക്കുന്ന ഏഴ് ഘട്ട പോളിംഗുകളിലും ഇടമുള്ള ഏക സംസ്ഥാനം യു പിയാണ്. റായ്ബറേലി, അമേഠി സീറ്റുകളിലെ കോൺഗ്രസ്സ് സ്ഥാനാർഥികളാരാകുമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചു കഴിഞ്ഞതോടെ രാജ്യമെങ്ങുമുള്ള തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തത കൈവരിച്ചു. ഈ മാസം 20ന് നടക്കുന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ റായ്ബറേലിയും അമേഠിയും വിധിയെഴുതും.
ഒന്നിലധികം സീറ്റുകളിൽ നേതാക്കൾ മത്സരിക്കുന്നത് ജനപ്രാതിനിധ്യ നിയമം ചട്ടം 33 പ്രകാരമാണ്. പത്തും പതിനഞ്ചും സീറ്റുകളിൽ മത്സരിച്ചിരുന്ന സ്വതന്ത്ര സ്ഥാനാർഥികൾ ഇന്ത്യയിലെമ്പാടുമുണ്ടായിരുന്നു. 1996ൽ ചട്ടം ഭേദഗതി ചെയ്തതോടെ രണ്ടിലധികം സീറ്റുകളിൽ മത്സരിക്കാൻ നിലവിൽ അവസരമില്ല.

മുഖ്യധാരാ നേതാക്കളിൽ ബിജു പട്‌നായിക്കാണ് ഒരേസമയം ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ചത്. 1971ലെ പൊതുതിരഞ്ഞെടുപ്പിനോടൊപ്പം ഒഡിഷ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലും അന്ന് ബിജു പട്‌നായിക് മത്സരിച്ചു. 1957ൽ എ ബി വാജ്പയിയും 1991ൽ മായാവതിയും മൂന്ന് ലോക്‌സഭാ സീറ്റുകളിൽ വീതം ഭാഗ്യം പരീക്ഷിച്ചിരുന്നു. രണ്ട് തോൽവിയും ഒരു ജയവും വാജ്പയിക്ക് ലഭിച്ചെങ്കിലും മായാവതി മൂന്ന് സീറ്റുകളിലും തോൽക്കുകയായിരുന്നു.

വോട്ടറുടെ യാഥാർഥ്യ ബോധം
2024ലെ പൊതു തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന പ്രമുഖ നേതാവ് രാഹുൽ ഗാന്ധിയാണ്. ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയവർ മത്സരിച്ചു ജയിച്ച റായ്ബറേലി സീറ്റിലേക്ക് രാഹുൽ ഗാന്ധി കടന്നുവരുന്നു എന്നതിനപ്പുറത്ത് ഇന്ത്യ മുന്നണിയുടെ കൃത്യമായ രാഷ്ട്രീയ നീക്കമായി തീരുമാനത്തെ വിലയിരുത്തേണ്ടതുണ്ട്. ആദ്യ രണ്ട് ഘട്ട പോളിംഗുകൾ പിന്നിടുമ്പോൾ മോദി തരംഗമില്ലാത്ത തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്ന അനുമാനം പ്രബലമാകുകയാണ്. പരിതാപകരമായ ജീവിത സാഹചര്യങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുന്നു. 2019ലും സമാന സാഹചര്യങ്ങളായിരുന്നെങ്കിലും മോദി – മോദി എന്ന മന്ത്രണത്തിനും ധ്രുവീകരണത്തിനും വോട്ടർമാർ കീഴ്‌പ്പെട്ടിരുന്നു. 2024ൽ യാഥാർഥ്യ ബോധത്തിലേക്ക് ശരാശരി ഇന്ത്യൻ വോട്ടർ തിരിച്ചെത്തുന്ന കാഴ്ചകൾ എങ്ങും ദൃശ്യമാണ്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റിയെഴുതുന്ന സംസ്ഥാനങ്ങളായി കണക്കാക്കപ്പെടുന്നത് കർണാടക, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, യു പി, രാജസ്ഥാൻ തുടങ്ങിയവയാണ്. കൃത്യമായ അടിയൊഴുക്കുകൾ ഇവിടങ്ങളിൽ പ്രകടമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് ഇന്ത്യ മുന്നണി പോലും ഇവ കൃത്യമായി തിരിച്ചറിയുന്നത് എന്ന് ചിലർ വിലയിരുത്തുന്നു. അവ പൂർണമായും അതിശയോക്തിപരമല്ല. മേൽ സൂചിപ്പിച്ച സംസ്ഥാനങ്ങളിൽ 263 സീറ്റുകളുണ്ട്. അവയിൽ 213 എണ്ണം നേടിയത് ബി ജെ പിയും സഖ്യകക്ഷികളുമാണ്. ആറ് സീറ്റുകൾ മാത്രമാണ് കോൺഗ്രസ്സ് സമ്പാദ്യം. ഇവിടെ കാറ്റ് അൽപ്പം ഗതിമാറി വീശുന്ന സാഹചര്യമുണ്ടായാൽ പോലും അത് ജനാധിപത്യത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് നിറം പകരുന്നതാണ്.

സ്ത്രീകൾ തീരുമാനിക്കും
കർണാടകയിലെ 28 സീറ്റിൽ സ്വതന്ത്രയടക്കം 26 സീറ്റിൽ 2019ൽ ജയിച്ചത് ബി ജെ പിയാണ്. മെയ് ഏഴിനാണ് അവസാനഘട്ട പോളിംഗ്. കോൺഗ്രസ്സും ബി ജെ പിയും മുഖാമുഖം ഏറ്റുമുട്ടുന്ന ഹൈദരാബാദ്- മുംബൈ- ഉത്തര കന്നഡ മേഖല സീറ്റുകൾ ഈ മാസം ഏഴിന് ബൂത്തിൽ പ്രവേശിക്കും. എല്ലാ വിഷയങ്ങൾക്കുമപ്പുറം പ്രജ്വൽ രേവണ്ണയും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും വലിയ ചർച്ചയായി മാറി. സിദ്ധരാമയ്യ സർക്കാറിന്റെ ക്ഷേമ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളും സ്ത്രീകളാണ്. ബി ജെ പിയെ മറികടക്കുന്ന കോൺഗ്രസ്സ് വിജയമെന്നത് കർണാടകയെ സംബന്ധിച്ച് നിലവിൽ ഒട്ടും അസംഭവ്യമല്ല. മഹാരാഷ്ട്രയിലെ 48 സീറ്റിൽ 41 എണ്ണം നേടിയത് ബി ജെ പി സഖ്യമാണ്. അഞ്ച് വർഷത്തിനിടയിൽ മറാത്ത രാഷ്ട്രീയം അവിശ്വസനീയമാം വിധം മാറി മറിഞ്ഞു. പേരും ചിഹ്നവും കൊടിയും കവർച്ച ചെയ്ത് അപമാനിക്കപ്പെട്ട പവാറും ഉദ്ധവും കോൺഗ്രസ്സിനൊപ്പമുണ്ട്. സാഹെബിനോടും ബാലാ സാഹെബിന്റെ മകനോടുമുള്ള സഹതാപം വോട്ടാകുമെന്ന് കൃത്യമായ സൂചനകളുണ്ട്.

കർഷക രോഷം
2019 തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 39 ഇടത്ത് ബി ജെ പി സഖ്യം വിജയിച്ചിരുന്നു. എന്നാൽ നിലവിൽ സാഹചര്യം വ്യത്യസ്തമാണ്. മുന്നിൽ നിന്ന് പടനയിക്കുന്ന തേജസ്വിയും സംഘവും ബിഹാറിന്റെ പകുതിയിലേറെ കൊണ്ടു പോകാനിടയുണ്ട്. രാജസ്ഥാനിൽ 100 ശതമാനം നേടിയ വിജയം ആവർത്തിക്കുമെന്ന അവകാശവാദം ബി ജെ പിക്ക് പോലും നിലവിലില്ല. അപ്രസക്തനായ ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയാക്കി തന്നെ അപമാനിച്ചതിലുള്ള വസുന്ധര രാജെയുടെ പകയും സ്ഥാനാർഥി നിർണയത്തിലെ പാകപ്പിഴവുകളും കിഴക്കൻ രാജസ്ഥാനിലെ കർഷക രോഷവും കോൺഗ്രസ്സിന്റെ സീറ്റെണ്ണം രണ്ടക്ക സംഖ്യയിലെത്തിച്ചാൽ അതിൽ അത്ഭുതമില്ല. രാജസ്ഥാന്റെ അലയൊലികൾ ഹരിയാനയിലുമുണ്ട്. കർഷക ഗ്രാമങ്ങളിൽ നിന്ന് ബി ജെ പി സ്ഥാനാർഥികളെ തല്ലിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമാണ്. പതിനെട്ട് സീറ്റിൽ വിജയിച്ച് ബി ജെ പി അത്ഭുതം കാണിച്ച ബംഗാളിൽ നിലവിലെ സാഹചര്യത്തിൽ അവർ പിറകിൽ പോകാൻ എല്ലാ സാധ്യതയും നിലനിൽക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക കേന്ദ്രമായ യു പിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം നിർണായകമാവുന്നത്. സമാജ് വാദി പാർട്ടിയുടെ ഗൗരവപൂർണമായ ആവശ്യവും യു പിയിലെ പുതുചലനങ്ങളും രാഹുലിന്റെ റായ്ബറേലി ലാൻഡിംഗിൽ കൃത്യമായി പ്രതിഫലിക്കുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെടുന്നത് യു പിലെ ബി ജെ പി വോട്ട് വിഹിതത്തിൽ നാലിലൊന്ന് കുറവു വരുമെന്നാണ്. യു പിയിലെ സാധാരണക്കാരനെ സംബന്ധിച്ച് വർഗീയതയേക്കാൾ അവന്റെ ജീവസന്ധാരണ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ മുഖ്യ അജൻഡയായി മാറിയിട്ടുണ്ടെന്ന് യാദവ് വിശദീകരിക്കുന്നു. ജാതി സമവാക്യങ്ങളും കർഷകരോഷവും ബി ജെ പിയെ തിരിഞ്ഞു കൊത്തുന്നുണ്ട്. നിലവിൽ 50 ശതമാനം വോട്ടും 80ൽ 64 സീറ്റും ബി ജെ പി സഖ്യത്തിനുണ്ട്. യാതൊരു കാരണവശാലും അമ്പതിലധികം സീറ്റുകൾ യു പിയിൽ ബി ജെ പി സഖ്യത്തിനു ലഭിക്കില്ല എന്നും യാദവ് കണക്കുകൾ നിരത്തുന്നുണ്ട്. കഴിഞ്ഞ യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പി ജയിച്ചു കയറുമെന്ന് പലരും പ്രവചിച്ചപ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും യോഗി മുഖ്യമന്ത്രിയാകുമെന്ന് നിരീക്ഷിച്ചയാളാണ് യോഗേന്ദ്ര യാദവ്.

വർഗീയത വിജയിക്കില്ല
പ്രിയങ്കാ ഗാന്ധിയുടെ മുഴുവൻ സമയ സാന്നിധ്യവും രാഹുലിന്റെ സ്ഥാനാർഥിത്വവും യു പിയിലെ മുന്നേറ്റത്തിനു ആക്കം കൂട്ടുമെന്ന് ഉറപ്പായും കരുതാം. ബി ജെ പി നൂറ് ശതമാനത്തിനടുത്ത് വിജയം നേടിയ മറ്റ് സംസ്ഥാനങ്ങൾ പ്രകടമായി മാറിയില്ലെങ്കിൽ പോലും വിധിനിർണായകമായ മേൽപ്പറഞ്ഞ ഇടങ്ങളും തെക്കേ ഇന്ത്യയും തങ്ങളുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴുത്തുന്നത് ബി ജെ പി തിരിച്ചറിയുന്നുണ്ട്. വർഗീയ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും അവർ തൊടുക്കുന്നത് അതിന്റെ അങ്കലാപ്പിലാണ്. എന്നാൽ എല്ലാവരെയും എല്ലാ കാലത്തും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന സത്യം അവരെ ബോധ്യപ്പെടുത്താനുതകുന്ന തിരഞ്ഞെടുപ്പ് ഫലം ഉറപ്പായുമുണ്ടാകുമെന്ന് പ്രത്യാശിക്കാം.