Connect with us

International

റഫ; മരണമുഖത്തും മിണ്ടാപ്രാണികൾക്ക് കരുതൽ

ഗസ്സയിൽ വെടിനിർത്തലിനില്ലെന്ന് ഇസ്റാഈൽ • വടക്കൻ ഗസ്സ പട്ടിണിയിൽ •മരണം 36,586

Published

|

Last Updated

ന്യൂയോർക്ക് സിറ്റി | തലക്കു മീതെ ബോംബുകൾ വർഷിക്കുന്പോൾ മരണം കൺമുന്നിൽ കാണുന്ന ഫലസ്തീനികൾ സഹജീവി സ്നേഹത്തോട് വിമുഖത കാട്ടുന്നില്ല. മിണ്ടാപ്രാണികളെ കൂടെ കൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയാണ് അവർ. ഉപരോധിത പ്രദേശത്ത് ഇസ്റാഈൽ ആക്രമണം തുടരുന്നതിനാൽ റഫ മൃഗശാലയിലുള്ള മൃഗങ്ങളെ ഖാൻ യൂനുസിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാൻ നിർബന്ധിതരായതായി ചൈനീസ് മാധ്യമമായ സി ജി ടി എൻ റിപോർട്ട് ചെയ്തു.

മിക്ക മൃഗങ്ങളെയും കൈമാറാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ മൂന്ന് സിംഹങ്ങൾ ഉൾപ്പെടെ പലതും റഫയിൽ കുടുങ്ങിക്കിടക്കുന്നതായും മൃഗശാലാ സൂക്ഷിപ്പുകാരി ഫാത്തി ഗോമ പറഞ്ഞു. കൂടുതൽ സഹായത്തിനായി അവർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
ശരിയായ പരിചരണവും സഹായവും കൂടാതെ ഈ മിണ്ടാപ്രാണികൾ അതിജീവിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു.

മാറ്റിപ്പാർപ്പിച്ച മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും പരിചരിക്കാനും ശ്രമിക്കുന്നുണ്ട്. എല്ലാ മൃഗങ്ങളും നിലവിലെ താത്കാലിക കേന്ദ്രത്തിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോമ പറഞ്ഞു.
വടക്കൻ ഗസ്സയിൽ കൊടുംപട്ടിണിയാണെന്നും അവശേഷിക്കുന്നവരിൽ 80 ശതമാനം പേരും അസഹനീയ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും മുന്നറിയിപ്പുമായി സ്വതന്ത്ര അന്വേഷണ സംഘം. ക്ഷാമം ഇതിനകം തന്നെ മേഖലയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് ഫാമിൻ ഏർലി വാണിംഗ് സിസ്റ്റംസ് നെറ്റ്‌വർക്ക് (ഫ്യൂസ് നെറ്റ്) പുറത്തുവിട്ട റിപോർട്ടിൽ പറയുന്നു. ഇസ്റാഈൽ വംശഹത്യയും മാനുഷിക പ്രവേശത്തിനുള്ള നിയന്ത്രണങ്ങളും ഈ വിഷയത്തിൽ കൂടുതൽ വിവരശേഖരണം നടത്തുന്നത് തടസ്സപ്പെടുത്തുമെന്നും റിപോർട്ടിലുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് (യു എസ് എ െഎ ഡി) ധനസഹായത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള അതോറിറ്റിയാണ് ഫ്യൂസ് നെറ്റ്.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നിലൊന്നും കനത്ത വ്യോമാക്രമണങ്ങളിലും മറ്റും കൊല്ലപ്പെട്ടിട്ടും ഗസ്സയിൽ വെടിനിർത്തലിനില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തിനകത്തും പുറത്തും കനത്ത സമ്മർദം ഉയർന്നിട്ടും ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും ശാശ്വതമായി വെടിനിർത്തില്ലെന്നുമാണ് നെതന്യാഹു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 36 പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 36,586 പേരാണ് കൊല്ലപ്പെട്ടത്.

Latest