Kerala
കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്; അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം |മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. മൂന്ന് മാസത്തോളം അതി ക്രൂരമായ റാഗിങ്ങിനാണ് കുട്ടികള്‍ വിധേയമായത്. പീഡനം തുടര്‍ന്നതോടെ ഗതികെട്ട ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയിന്‍മേല്‍ കേസെടുത്ത ഗാന്ധിനഗര്‍ പോലീസ് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ ഞാവല്‍ത്ത് ജീവ (19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ് (22), കോരുത്തോട് നെടുങ്ങാട് വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.
നവംബര്‍ മുതല്‍ കുട്ടികള്‍ ക്രൂരമായ റാഗിംങ്ങിന് വിധേയമാകുകയായിരുന്നു. കുട്ടികളെ നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗങ്ങളില്‍ വ്യായാമം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡമ്പല്‍സ് കയറ്റിവെച്ചും, ദേഹമാസകലം കോമ്പസിന് വരഞ്ഞ് മുറിവുണ്ടാക്കിയുമാണ് അതിക്രമം നടത്തിയത്. കരഞ്ഞ് നിലവിളിച്ച കുട്ടികളുടെ വായിലേക്ക് കലാമിന്‍ ലോഷന്‍ ഒഴിച്ച് കൊടുത്തും ക്രൂരമായ റാഗിങ്ങിന് കുട്ടികളെ വിധേയമാക്കി.
ഞായറാഴ്ച ദിവസങ്ങളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കള്ളടിക്കുന്നതിനായി 800 രൂപ വീതം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുകയും വേണം. പണം നല്‍കിയില്ലെങ്കില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ഞായറാഴ്ച ഉണ്ടാകുന്നത്.
റാഗിങ്ങിന് വിധേയമായ കുട്ടികള്‍ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്‍മേല്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.