Connect with us

Kerala

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

Published

|

Last Updated

കോട്ടയം| കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ്ങ് കോളജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. പ്രതികളായ സാമുവല്‍ ജോണ്‍സണ്‍, രാഹുല്‍ രാജ്, എസ്എന്‍ ജീവ, എന്‍ വി വിവേക്, റിജില്‍ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ വാദം കേട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്റെ വാദം.

പോലീസിനും കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ പരാതിക്കാരനായ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മദ്യമടക്കം വാങ്ങാന്‍ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി പണം കൊടുക്കാതിരുന്നപ്പോള്‍ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ നേരത്തെ പുറം ലോകം കാണുകയും ചെയ്തതാണ്.

സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കെതിരേയും ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ ടി സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കംചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.

പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയുമെന്നും തീരുമാനമായിരുന്നു. നഴ്സിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ കോളേജില്‍നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്യും.