Connect with us

Articles

റാഗിംഗ്: നിയമങ്ങള്‍ നോക്കുകുത്തിയാകരുത്

വിദ്യാര്‍ഥികളുടെ സുരക്ഷക്കും ക്ഷേമത്തിനും സര്‍വകലാശാലകളും സര്‍ക്കാറുകളും ഉന്നത പരിഗണന നല്‍കണം. റാഗിംഗ് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിവേഗം അന്വേഷണം നടക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനം തെളിയുന്ന പക്ഷം ശക്തമായ നടപടി പ്രതികള്‍ക്കെതിരെ സ്വീകരിക്കണം. നിയമ നടപടികളും ശിക്ഷാമുറകളും ബാലിശമാണെന്ന ധാരണകളാണ് പലഘട്ടങ്ങളിലും റാഗിംഗ് പ്രവണതകളിലേക്ക് വിദ്യാര്‍ഥി സമൂഹത്തെ എത്തിക്കുന്നത്.

Published

|

Last Updated

കലാലയങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന റാഗിംഗ് ക്രൂരതകളും ആക്രമണ പ്രവണതകളും അച്ചടക്കരാഹിത്യങ്ങളും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. വളര്‍ന്നുവരുന്ന തലമുറയില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഭീതിയോടെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച്, വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ മരണപ്പെട്ട വിദ്യാര്‍ഥിയുടെ മരണ കാരണം തലയോട്ടിക്കേറ്റ ക്ഷതമായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. നഞ്ചക്ക് ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സമാനസ്വഭാവമുള്ള സംഭവങ്ങള്‍ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു. ഒറ്റപ്പാലം സ്വകാര്യ ഐ ടി ഐയില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദനമേറ്റ് മൂക്കിന്റെ എല്ല് പൊട്ടുകയും തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വായിച്ചത്.
കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിംഗ് കോളജില്‍ പഠിക്കുന്ന ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൃഗീയ പീഡനത്തിനിരയാക്കിയ സംഭവം, പൂക്കോട് വെറ്ററിനറി കോളജില്‍ നടന്ന ആത്മഹത്യ, തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ എന്നിവയെല്ലാം ഈയടുത്ത് നടന്ന പ്രധാന റാഗിംഗുകളാണ്. ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ കാരണമാകുന്ന റാഗിംഗ് സംഭവങ്ങള്‍ തുടര്‍ക്കഥകളായി ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവരികയാണ്. റാഗിംഗിനെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും പരമോന്നത കോടതിയും നിയമങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നിയമപാലനത്തിലെ കാര്‍ക്കശ്യമില്ലായ്മയോ അല്ലെങ്കില്‍ നിയമ നടപടിയോടുള്ള ലാഘവ സമീപനമോ കാരണം റാഗിംഗ് പ്രവണത കുറയുന്നില്ല. മറ്റൊരാളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുക എന്നത് സാഡിസമാണ്. ഈയടുത്ത് നടന്ന എല്ലാ റാഗിംഗ് കേസുകളിലും പ്രതികളായി പിടിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ സാഡിസം ഉണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്.

റാഗിംഗ് വിരുദ്ധ നിയമങ്ങള്‍
റാഗിംഗിന്റെ ചരിത്ര പിന്നാമ്പുറം ദീര്‍ഘമാണ്. 1980കളോടെ മാധ്യമ സ്വാധീനം മൂലമാണ് അതിന്റെ യഥാര്‍ഥ മുഖം പുറംലോകത്തേക്കെത്തുന്നത്. 1990കളോടെ, ദക്ഷിണേന്ത്യയില്‍ റാംഗിംഗുകള്‍ മൂര്‍ധന്യാവസ്ഥയിലെത്തി. നിരവധി വിദ്യാര്‍ഥികളുടെ ആത്മഹത്യയിലേക്കിത് നയിച്ചു. തുടര്‍ന്ന് 2001ല്‍ സുപ്രീം കോടതി റാഗിംഗ് നിരോധിച്ചു. എന്നിരുന്നാലും റാഗിംഗ് കേസുകള്‍ രാജ്യത്തെ പല ക്യാമ്പസുകളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2009ല്‍, അമന്‍ കചുവിന്റെ ദാരുണാന്ത്യത്തെ തുടര്‍ന്ന്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും റാഗിംഗ് വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിന് യു ജി സി നിയന്ത്രണങ്ങള്‍ രൂപപ്പെടുത്തി. അതിനും പുറമെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാഗിംഗ് രഹിതമാക്കുന്നതിനും തടയുന്നതിനും നടപടികള്‍ സ്വീകരിച്ചു.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ ഉപദ്രവിക്കുക, ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, വിദ്യാര്‍ഥിയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുക, പരിഹസിക്കുക, തമാശകള്‍ കാണിക്കുക, വിദ്യാര്‍ഥി സാധാരണയായി ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നിവ റാഗിംഗിന്റെ പരിധിയില്‍ വരും. വിദ്യാര്‍ഥിക്ക് മാനസികമോ ശാരീരികമോ ആയി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തും റാഗിംഗിന്റെ പരിധിയില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പുറത്തു വെച്ചാണ് ഉപര്യുക്ത സംഭവങ്ങള്‍ ഉണ്ടായതെങ്കിലും അവ റാഗിംഗില്‍ ഉള്‍പ്പെടുന്നു.

1998ലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റാഗിംഗ് നിരോധന നിയമം പാസ്സാക്കുന്നത്. 2001ല്‍ റാഗിംഗ് നിരോധിച്ച് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009ല്‍ റാഗിംഗ് തടയുന്നതിനായി യു ജി സി ചട്ടങ്ങളും നിലവില്‍വന്നു. റാഗിംഗ് എന്ന സാമൂഹിക വിപത്തിനെതിരെ കേരള നിയമസഭയില്‍ 1998ല്‍ നിയമം പാസ്സാക്കി. 1997 ഒക്ടോബര്‍ 23 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തില്‍ ഒമ്പത് വകുപ്പുകള്‍ മാത്രമേ ഉള്ളൂവെങ്കിലും അതില്‍ വളരെ ശക്തമായ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയിരിക്കുന്നു. ഇതേത്തുടർന്ന്, കലാലയങ്ങളില്‍ ആന്റി റാഗിംഗ് സ്‌ക്വാഡും ആന്റി റാഗിംഗ് കമ്മിറ്റിയും പ്രവര്‍ത്തിക്കണമെന്നും ചട്ടങ്ങള്‍ വന്നു. ഇതടിസ്ഥാനത്തില്‍ വിദ്യാര്‍ഥി, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് റാഗിംഗ് സംബന്ധമായി സ്ഥാപനത്തിന്റെ മേധാവിക്ക് പരാതി നല്‍കാം. പരാതി ലഭിച്ചു കഴിഞ്ഞാല്‍, ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തണമെന്നാണ് ചട്ടം. പരാതി ശരിയാണെന്ന് ബോധ്യമായാല്‍, കുറ്റാരോപിതനായ വിദ്യാര്‍ഥിയെ ക്യാമ്പസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതി പോലീസിന് കൈമാറണമെന്നും പരാതി തെറ്റാണെന്ന് കണ്ടെത്തിയാല്‍, പരാതിക്കാരനെ രേഖാമൂലം അറിയിക്കണമെന്നും ഈ നിയമത്തിന്റെ വകുപ്പ് ആറില്‍ പറയുന്നു.
ഒരു വിദ്യാര്‍ഥി റാഗിംഗ് നടത്തിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും അടയ്ക്കണം. കൂടാതെ, സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ അനുമതിയുമുണ്ടായിരിക്കില്ല. കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ റാഗിംഗിനിരയാകുന്നുവെന്ന പരാതി വ്യാപകമാണെങ്കിലും സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമപ്രകാരം, പ്രതികളായ വിദ്യാര്‍ഥികളെ തടവിന് ശിക്ഷിച്ചത് ഒറ്റത്തവണ മാത്രമാണെന്നത് വിചിത്രമാണ്. കോട്ടയം സ്‌കൂള്‍ മെഡിക്കല്‍ എജ്യുക്കേഷനിലെ (എസ് എം ഇ) ഒന്നാം വര്‍ഷ ബി എസ് സി നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാഗിംഗിന്റെ പേരില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ തടവിന് ശിക്ഷിച്ചതാണ് ഏകസംഭവം. 2005ല്‍ നടന്ന ഈ കേസില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു വിദ്യാര്‍ഥിക്ക് മൂന്ന് വര്‍ഷം തടവുമായിരുന്നു കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പുറമെയായിരുന്നു റാഗിംഗ് നിരോധന നിയമം ഈ കേസില്‍ കണക്കിലെടുത്തത്. റാഗിംഗ് ക്രൂരതകള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാത്തത് വിദ്യാര്‍ഥികളില്‍ ക്രിമിനല്‍ പശ്ചാത്തലം വളരുന്നതിന് കാരണമാകുന്നു.

നടപടി കര്‍ശനമാക്കണം
റാഗിംഗ് വിരുദ്ധ നിയമങ്ങളും ചട്ടങ്ങളുമുണ്ടായിട്ടും, ക്യാമ്പസുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും റാഗിംഗ് പ്രവണതകള്‍ നിര്‍ബാധം തുടരുകയാണ്. റാഗിംഗ് മനുഷ്യാവകാശ ലംഘനമാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതിയടക്കം പലകുറി പ്രസ്താവിച്ചിട്ടും റാഗിംഗ് മനോഭാവത്തെ വിദ്യാര്‍ഥി മനസ്സുകളില്‍ നിന്ന് പിഴുതെറിയാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളില്‍ ഏകദേശം 40 ശതമാനം വിദ്യാര്‍ഥികളും റാഗിംഗിന് വിധേയരാകുന്നുണ്ട്. അതില്‍ 8.6 ശതമാനം പേര്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യുന്നത്. 2011നും 2019നും ഇടയില്‍, റാഗിംഗ് കാരണം 54 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാറുകളും പുറപ്പെടുവിച്ച റാഗിംഗ് നിരോധന നിയമങ്ങള്‍, യു ജി സി മാര്‍ഗനിര്‍ദേശങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽപ് ലൈന്‍ എന്നിവ റാഗിംഗ് തടയുന്നതില്‍ ഫലപ്രദമല്ല. ഹെൽപ് ലൈനിലേക്കുള്ള പരാതികള്‍ക്ക് മറുപടി ലഭിക്കുന്നില്ല.
വിദ്യാര്‍ഥികളുടെ സുരക്ഷക്കും ക്ഷേമത്തിനും സര്‍വകലാശാലകളും സര്‍ക്കാറുകളും ഉന്നത പരിഗണന നല്‍കണം. റാഗിംഗ് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിവേഗം അന്വേഷണം നടക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനം തെളിയുന്ന പക്ഷം ശക്തമായ നടപടി പ്രതികള്‍ക്കെതിരെ സ്വീകരിക്കണം. നിയമ നടപടികളും ശിക്ഷാമുറകളും ബാലിശമാണെന്ന ധാരണകളാണ് പലഘട്ടങ്ങളിലും റാഗിംഗ് പ്രവണതകളിലേക്ക് വിദ്യാര്‍ഥി സമൂഹത്തെ എത്തിക്കുന്നത്.