Editorial
റാഗിംഗ് ഒരുതരം കൊലപാതകം തന്നെയാണ്
പലവട്ടം പ്രയോഗിച്ച് ലളിതവത്കരിക്കപ്പെട്ടുപോയ പദമായി റാഗിംഗ് മാറിയിരിക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടേണ്ട കൊടിയ തിന്‍മയാണിത്. ധാര്‍മിക മൂല്യങ്ങളുടെ അടിത്തറയില്ലാത്ത വിദ്യാഭ്യാസ വ്യവസ്ഥ എത്രമാത്രം നിഗ്രഹാത്മകമാണെന്ന വസ്തുത ഈ റാഗിംഗ് ക്രിമിനലുകളിലൂടെ വെളിപ്പെടുകയാണ്.

സഹപാഠിയുടെ പച്ചയിറച്ചിയിലേക്ക് കോമ്പസ് കുത്തിക്കയറ്റുക, എരിവും വേദനയും കൂട്ടാന്‍ ആ മുറിവില്‍ ലോഷന്‍ ഒഴിക്കുക, നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, മുഖത്ത് തേക്കുന്ന ക്രീം വായില്‍ ഒഴിക്കുക. കോട്ടയത്തെ ഗവണ്‍മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ അനുഭവിച്ച ക്രൂരമായ റാഗിംഗിനെ മൃഗീയമെന്ന് വിശേഷിപ്പിക്കാവുന്നതല്ല. കാരണം മൃഗങ്ങള്‍ക്ക് ഒരിക്കലും സഹജീവിയോട് ഇങ്ങനെ ക്രൗര്യം തീര്‍ക്കാന്‍ സാധിക്കില്ല. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയെന്ന പ്രയോഗവും മതിയാകില്ല. ഈ ഞെട്ടല്‍ ഇടക്കിടക്ക് അനുഭവിച്ച് നമ്മുടെ മനസ്സാക്ഷി എന്നേ മരവിച്ച് പോയിരിക്കുന്നു. റാഗിംഗ് എന്ന പേര് തന്നെ ഈ കൊടിയ ക്രൂരതക്ക് വെള്ളപൂശുന്നതാണ്. യുവാക്കള്‍ പഠിക്കുന്ന ഇടങ്ങളില്‍ ഇതൊക്കെ കുറച്ചുണ്ടാകുമെന്ന് നിസ്സാരവത്കരിക്കുന്നവര്‍ അത്ര പ്രശ്നമാക്കാനില്ലാത്ത തമാശയായി റാഗിംഗിനെ പറയാറുണ്ട്. പലവട്ടം പ്രയോഗിച്ച് ലളിതവത്കരിക്കപ്പെട്ടുപോയ പദമായി റാഗിംഗ് മാറിയിരിക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടേണ്ട കൊടിയ തിന്മയാണിത്. ക്രിമിനല്‍ മനസ്സിന്റെ അങ്ങേയറ്റമാണ്, കൊലപാതകം തന്നെയാണിത്. ക്യാമ്പസുകള്‍ എത്രമാത്രം മനുഷ്യത്വരഹിതമായ ഇടങ്ങളായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. ധാര്‍മിക മൂല്യങ്ങളുടെ അടിത്തറയില്ലാത്ത വിദ്യാഭ്യാസ വ്യവസ്ഥ എത്രമാത്രം നിഗ്രഹാത്മകമാണെന്ന വസ്തുത ഈ റാഗിംഗ് ക്രിമിനലുകളിലൂടെ വെളിപ്പെടുകയാണ്.
ഇതേ ദിവസം തന്നെയാണ് കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിംഗിന് ഇരയായതായി വാര്‍ത്ത വന്നിരിക്കുന്നത്. തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് പിന്നിലും ക്രൂരമായ റാഗിംഗാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. കോട്ടയത്ത് റാഗിംഗ് നടത്തിയത് നഴ്സിംഗ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്റെ സംസ്ഥാന നേതാക്കളാണ്. ഈ സംഭവത്തില്‍ ഇരകളായ വിദ്യാര്‍ഥികള്‍ മാസങ്ങളായി പീഡനം അനുഭവിച്ച് വരികയായിരുന്നു. പുറത്ത് പറയാതെ കഴിച്ചു കൂട്ടുകയായിരുന്നു അവര്‍. കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാകാം. അധ്യാപകരോട് പറഞ്ഞിട്ടും കാര്യമില്ലെന്ന ബോധ്യമായിരിക്കാം അവരെ നിശബ്ദം സഹിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ഒടുവില്‍ സഹികെട്ട ജൂനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് നല്‍കിയ പരാതി ഗാന്ധിനഗര്‍ പോലീസിന് കൈമാറുകയായിരുന്നു. ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കണ്ടുതീര്‍ക്കാനാകില്ല. പ്രതികള്‍ ഹോസ്റ്റലില്‍ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികളോട് പണം ആവശ്യപ്പെടുക, നല്‍കാത്തവരെ ക്രൂരമായി മര്‍ദിക്കുക, സീനിയേഴ്സിനെ കാണുമ്പോള്‍ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കില്‍ അസഭ്യം പറയുക, കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിക്കുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ദൃശ്യസഹിതം പുറത്ത് വരുന്ന റാഗിംഗ് സംഭവങ്ങള്‍ തീര്‍ത്തും വിരളമാണ്. ഒരു പരാതിയും ഉയരാത്തവയാണ് ഏറെയും. അവയെല്ലാം ഇരകളില്‍ സൃഷ്ടിച്ച മുറിവുകള്‍ ഒരു കാലത്തും ഉണങ്ങില്ലെന്നോര്‍ക്കണം. ഈ ക്രൂരതയിലേര്‍പ്പെടുന്നവര്‍ വല്ലാത്തൊരു മാനസിക നിലയിലെത്തിയവരായിരിക്കുമെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാഡിസ്റ്റുകളായിരിക്കും ഇവര്‍. റാഗിംഗ് പിടിക്കപ്പെട്ടാല്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ശിക്ഷയെ കുറിച്ചും പഠനത്തിലും ജോലിയിലുമൊക്കെ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ധാരണയില്ലാത്തവരല്ല ഇത് ചെയ്യുന്നത്. ഒന്നും പുറത്ത് വരില്ലെന്നും തങ്ങളുടെ ഭീഷണിക്ക് ഈ ജൂനിയര്‍ വിദ്യാര്‍ഥി വഴങ്ങുമെന്നുമാണ് ഇവര്‍ കരുതുക. അധ്യാപകരും വിദ്യാര്‍ഥി സംഘടനകളുമെല്ലാം മൗനം പാലിക്കുമെന്നും അവര്‍ക്കറിയാം.
വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പുതിയതായി പ്രവേശം നേടിയ വിദ്യാര്‍ഥിക്കോ ജൂനിയര്‍ വിദ്യാര്‍ഥിക്കോ നേരെയുള്ള ശാരീരിക അതിക്രമമോ ആക്രമണമോ മാനസിക പീഡനമോ ആണ് റാഗിംഗ് എന്ന് 1998ല്‍ നിലവില്‍ വന്ന നിയമം ചൂണ്ടിക്കാട്ടുന്നു. ഭീഷണിപ്പെടുത്തുന്നതും ഏതെങ്കിലും കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും നിര്‍ബന്ധിത പണപ്പിരിവും റാഗിംഗാണ്. 1998ലെ കേരള റാഗിംഗ് തടയല്‍ നിയമവും 2009ലെ യു ജി സി റഗുലേഷനും അനുസരിച്ചാണ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ റാഗിംഗ്വിരുദ്ധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്ഥാപന മേധാവിക്കെതിരെയും കേസെടുക്കാമെന്നാണു ചട്ടം. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ രണ്ട് മാസം മുതല്‍ രണ്ട് വര്‍ഷം വരെ സസ്പെന്‍ഡ് ചെയ്യാനോ കോളജില്‍ നിന്ന് പുറത്താക്കാനോ റാഗിംഗ്വിരുദ്ധ കമ്മിറ്റിക്ക് അധികാരമുണ്ട്. കേരള റാഗിംഗ്വിരുദ്ധ നിയമമനുസരിച്ച് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
പരാതികള്‍ പുറത്ത് വരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. റാഗിംഗ്വിരുദ്ധ സമിതികളുടെ പ്രവര്‍ത്തനം പലയിടത്തും ഫലപ്രദമല്ല. അധ്യാപകര്‍ വിദ്യാര്‍ഥി ഗ്യാംഗുകളെ ഭയന്നാണ് കഴിയുന്നത്. നടപടികളിലേക്ക് നീങ്ങാന്‍ തയ്യാറാകുന്ന അധ്യാപകരെ കേസില്‍ കുടുക്കുന്ന സ്ഥിതിയുമുണ്ട്. ഒരു വര്‍ഷം റംഗിംഗ് അനുഭവിച്ചവര്‍ അടുത്ത വര്‍ഷം അതിനേക്കാള്‍ മാരകമായ റാഗിംഗിന് നേതൃത്വം നല്‍കുന്നവരായി മാറുന്നതായും അധ്യാപകര്‍ പറയുന്നു. മദ്യവും മയക്കുമരുന്നും കലാലയങ്ങളിലെ ഇത്തരം ദുഷ്പ്രവണതകളുടെയെല്ലാം അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂജെന്‍ ലേബലിലിറങ്ങുന്ന സിനിമകള്‍ റാംഗിംഗിനെ ആഘോഷിക്കുകയാണ്. പഴുതടച്ച ശിക്ഷ ഉറപ്പുവരുത്തിയും അധ്യാപകരും പൊതു സമൂഹവും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം അങ്ങേയറ്റത്തെ ജാഗ്രത പാലിക്കുകയും ചെയ്ത് കൊണ്ട് മാത്രമേ ഈ ദുരവസ്ഥക്ക് പരിഹാരം കാണാനാകൂ. വയനാട്, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഏറെക്കാലമായില്ല. ഇത്തരം അതിക്രമങ്ങള്‍ അതിനുശേഷമെങ്കിലും ശമനമുണ്ടാകുമെന്ന നമ്മുടെ പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുന്നത്. പ്രാകൃത മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്ന പ്രക്രിയയാണല്ലോ വിദ്യാഭ്യാസം. ഒരു സ്‌കൂള്‍ തുറക്കുമ്പോള്‍ ആയിരം ജയിലുകള്‍ അടയ്ക്കുന്നുവെന്നുമാണല്ലോ. ക്രിമിനലുകള്‍ വാഴുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അരാജക ഭൂമിയായി അധഃപതിക്കുമ്പോള്‍ ഈ ആപ്തവാക്യങ്ങള്‍ക്ക് എന്ത് പ്രസക്തി?