Kerala
റാഗിംഗ്: നിയമം പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു
കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം | 1998ലെ കേരള റാഗിംഗ് നിരോധന നിയമം പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേരളാ റാഗിംഗ് നിരോധന നിയമം പരിഷ്‌കരിക്കണമെന്ന ആവശ്യം പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്ന കാര്യം പരിഗണിക്കുമെന്നും നിയമസഭയില്‍ അവര്‍ പറഞ്ഞു.
നിലവിലുള്ള കേരള റാഗിംഗ് നിരോധന ആക്ടില്‍ റാഗിംഗിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാഗിംഗ് നടത്തിയതായി തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്. റാഗിംഗിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരന്തരം ബോധവത്കണ പരിപാടികളും റാഗിംഗ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസ്സുകളും പോലീസിന്റെയും ആന്റി റാഗിംഗ് സെല്ലുകളുടെയും മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.