National
റാഗിങ്ങ്: ഹൈദരാബാദില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ആത്മഹത്യക്ക് ശ്രമിച്ച് നാല് ദിവസത്തിനുശേഷമാണ് മരിച്ചത്.
ഹൈദരാബാദ്| ഹൈദരാബാദില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ഡി. പ്രീതി(26)യാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച് നാല് ദിവസത്തിനുശേഷമാണ് മരിച്ചത്.
ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചത്. എം.ജി.എം ഹോസ്പിറ്റലില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിങ്, ആത്മഹത്യാ പ്രേരണം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പ്രീതിയുടെയും പ്രതിയുടെയും വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് റാഗിങ് നടന്നതിന്റെ തെളിവ് ലഭിച്ചതായി പൊലീസ് കമീഷണര്‍ എ.വി രംഗനാഥ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ്, ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് നരേന്ദര്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)