Gulf
റഹീമിന്റെ കേസ് എട്ടാമതും മാറ്റി; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് കോടതി
19 വര്‍ഷമായി റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുര്‍റഹീം
![](https://assets.sirajlive.com/2024/10/abdul-raheem-jail-897x538.jpg)
റിയാദ് | സഊദിയില്‍ സ്വദേശി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുര്‍റഹീമിന്റെ മോചനം ഇനിയും വൈകും. എട്ടാം തവണയും റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെച്ചു. ഇന്ന് നടന്ന കോടതി സിറ്റിംഗും അന്തിമ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. 19 വര്‍ഷമായി റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുര്‍റഹീം.
ഇന്ന് രാവിലെ 11.30 കോടതിയുടെ ഓണ്‍ലൈന്‍ സിറ്റിംഗ് ആരംഭിച്ചത്. ജയിലില്‍ നിന്ന് അബ്ദുര്‍റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമ സഹായസമിതി പ്രവര്‍ത്തകരും പതിവുപോലെ പങ്കെടുത്തു. ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടെങ്കിലും മോചനത്തില്‍ തീരുമാനമാകാതെ കേസ് മാറ്റിവെക്കുകയായിരുന്നു.
അഞ്ച് മാസം മുമ്പാണ് മോചനദ്രവ്യം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കുമെന്നറിയച്ചതോടെ വധശിക്ഷ കോടതി ഒഴിവാക്കിയത്. ഒന്നര കോടി സഊദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് മലയാളികള്‍ ചേര്‍ന്ന് പിരിച്ച് നല്‍കിയത്.
എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തത് ജയില്‍ മോചനം അനന്തമായി നീട്ടി. ഈ മാസം രണ്ടിനായിരുന്നു ഏഴാമത് സിറ്റിംഗ് നടന്നത്.
19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുര്‍റഹീമിന് അധികം ജയിലില്‍ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ചേക്കും.
2006 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സഊദി ബാലന്‍ അനസ് അല്‍ ഫായിസിനെ കൊന്നെന്ന കേസിലാണ് അറസ്റ്റിലായത്. 2012ല്‍ റഹീമിന് വധശിക്ഷ വിധിച്ചു. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി മൂന്നാം മാസം തന്നെ റഹീം കേസില്‍ അകപ്പെടുകയായിരുന്നു.