Connect with us

abdul raheem at soudi jail

റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല

കേസ് വിധിപറയാനായി മാറ്റി

Published

|

Last Updated

റിയാദ് | റിയാദ് ക്രിമിനല്‍ കോടതി വിധി പറയാനായി കേസ് വീണ്ടും മാറ്റിവെച്ചതോടെ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുര്‍റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല. ഓണ്‍ലൈനായി നടന്ന കോടതി സിറ്റിംഗിനൊടുവിലാണ് റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ കേസ് വിധി പറയാനായി മാറ്റിയത്.

ജയിലില്‍ നിന്ന് റഹീമും, അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂര്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കേസ് കോടതി വിധി പറയാന്‍ മാറ്റിയതോടെ മോചനം വൈകുമെന്നാണ് സൂചന. രാവിലെ 11.30ന് കേസ് പരിഗണിച്ച കോടതി എല്ലാവിധ സൂക്ഷ്മ പരിശോധനകള്‍ക്കുമൊടുവില്‍ വിധി പറയാനായി മാറ്റുകയായിരുന്നു.

കേസില്‍ മൂന്നാമത്തെ സിറ്റിംഗാണ് ഇന്ന് കോടതിയില്‍ നടന്നത്. ഒന്നര കോടി സൗദി റിയാല്‍ (34 കോടി ഇന്ത്യന്‍ രൂപ) മോചനദ്രവ്യം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാകാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മോചനത്തിനായുള്ള ആദ്യ സിറ്റിംഗ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് കോടതി കേസ് മാറ്റിവെച്ചു.

തുടര്‍ന്ന്, കഴിഞ്ഞ മാസം 17ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതിനാല്‍ മറ്റൊരു സിറ്റിംഗ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് ഇന്നത്തേക്ക് മാറ്റുകയാണുണ്ടായത്. സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ് അബ്ദുര്‍റഹീം.

 

Latest