Uae
യുഎഇയിൽ നിന്നുള്ള പ്രചോദനവുമായി പ്രത്യാശയുടെ സംഗീത പദ്ധതി പ്രഖ്യാപിച്ച് റഹ്‌മാൻ
ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും അദ്ദേഹത്തിന്റെ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയും അബുദാബിയില്‍ അണിനിരന്നപ്പോള്‍ 52-ാം ദേശീയ ദിനാഘോഷം യുഎഇക്ക് അവിസ്മരണീയം
അബുദാബി | ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും അദ്ദേഹത്തിന്റെ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയും അബുദാബിയില്‍ അണിനിരന്നപ്പോള്‍ 52-ാം ദേശീയ ദിനാഘോഷം യുഎഇക്ക് അവിസ്മരണീയം. 29 രാജ്യങ്ങളില്‍ നിന്നുള്ള 52 വനിതകള്‍ അടങ്ങുന്ന എആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് പ്രചോദനാത്മകമായ സംഗീതാവതരണം നടത്തിയത്.
യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷ്മിയുടെ പിന്തുണയോടെ സ്ഥാപിച്ച ഓര്‍ക്കസ്ട്രയുടെ ദേശീയ ദിനത്തിലെ പ്രത്യേക പ്രകടനം നയിച്ചത് മോണിക്ക വുഡ്മാനാണ്. ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ ബുര്‍ജീല്‍ ഹോള്‍ഡിങ്സാണ് ‘സിംഗിംങ് ഫോര്‍ ദി ചില്‍ഡ്രന്‍ ഓഫ് സായദ്’ എന്ന പ്രത്യേക പരിപാടിക്ക് വേദിയൊരുക്കിയത്. സമ്പൂര്‍ണ്ണ വനിതാ ഓര്‍ക്കസ്ട്രയ്ക്കൊപ്പം 50 ഗായകരും സംഗീത സായാഹ്നത്തിന്റെ ഭാഗമായി. ഭാവി തലമുറ രാജ്യത്തിന്റെ ശക്തിയാണെന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ ദര്‍ശനങ്ങള്‍ക്ക് ചടങ്ങ് ആദരവര്‍പ്പിച്ചു. ഐക്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും മൂല്യങ്ങള്‍ പ്രതിധ്വനിക്കുന്ന സിംഫണിയാണ് ഫിര്‍ദോസ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ചത്. യു.എ.ഇ ദേശീയഗാനത്തിന്റെ വൈവിധ്യമേറിയ അവതരണം, ബറോക്ക് ഫ്‌ലെമെന്‍കോ, ഔര്‍സാസേറ്റ്, എക്സ്റ്റസി ഓഫ് ഗോള്‍ഡ്, സ്പിരിറ്റ് ഓഫ് രംഗീല എന്നിവയുള്‍പ്പെടെയുള്ള സംഗീതാവതരണങ്ങള്‍ ആസ്വാദകര്‍ക്ക് വ്യത്യസ്ത അനുഭവമായി.
യുഎഇയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതിയ സംഗീത പദ്ധതി
വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ചടങ്ങില്‍, യു.എ.ഇ.ക്ക് സമര്‍പ്പിക്കുന്ന തന്റെ വരാനിരിക്കുന്ന ഗാനം റഹ്മാന്‍ പ്രഖ്യാപിച്ചു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ഗാനം. പ്രതീക്ഷയുടെ ഗാനമുണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. നിസ്വാര്‍ത്ഥമായി അധ്വാനിക്കുന്ന എല്ലാവരെയും ആദരിക്കാന്‍ വേണ്ടിയുള്ള ഗാനമാണിത്. ലോകത്തിന് ഇന്ന് പ്രതീക്ഷ ആവശ്യമാണ്. സംഗീതം സമാധാനവും സന്തോഷവും നല്‍കും. ദുബായിലെ എക്സ്പോ സിറ്റിയില്‍ നിന്ന് ഉടലെടുത്ത ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യുഎഇയുടെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ദേശീയദിനത്തിലെ പ്രത്യേക സംഗീതാവതരണത്തിനും പുതിയ സംഗീത പദ്ധതിക്കും എആര്‍ റഹ്മാനും ഫിര്‍ദോസ് ഓര്‍ക്കസ്ട്രയ്ക്കും ഡോ. ഷംഷീര്‍ നന്ദി പറഞ്ഞു. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം സംഗീതത്തിലൂടെ പങ്കുവയ്ക്കുന്നത് എല്ലാവര്‍ക്കും പ്രചോദനകരമാകും. എആര്‍ റഹ്മാനുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള സംഗീത പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.