Connect with us

Kerala

വയനാട്ടിൽ രാഹുലിൻ്റെ റോഡ് ഷോ ചൊവ്വാഴ്ച; കളറാക്കാൻ ഒരുങ്ങി യു ഡി എഫ്

വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

Published

|

Last Updated

കല്‍പ്പറ്റ | എം പി സ്ഥാനം നഷ്ടമായതിനുശേഷം ആദ്യമായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി 11ന് കല്‍പ്പറ്റയില്‍ നയിക്കുന്ന റോഡ് ഷോ കെങ്കേമമാക്കാന്‍ തിരക്കിട്ട ഒരുക്കത്തില്‍ യു ഡി എഫ് വയനാട് ജില്ലാ ഘടകം. നേതാക്കളും പ്രവര്‍ത്തകരും അടക്കം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ ജില്ലയില്‍ ഇതിനകം നടന്ന രാഷ്ട്രീയ പരിപാടികളില്‍ ഏറ്റവും വലതും വര്‍ണാഭവുമാക്കാനാണ് യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനം.

എസ് കെ എം ജെ സ്‌കൂള്‍ മൈതാനിയില്‍ നിന്നു കൈനാട്ടിയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുന്നിലുള്ള ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ. ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുല്‍ഗാന്ധി എസ് കെ എം ജെ ഹൈസ്‌കൂള്‍ മൈതാനിയില്‍ എത്തുന്നതിനു പിന്നാലെ റോഡ് ഷോ ആരംഭിക്കും. 4.30ന് കൈനാട്ടിയിലെ ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കല്‍പ്പറ്റയിലെത്തിയ രാഹുല്‍ഗാന്ധിക്ക് അത്യുജ്വല സ്വീകരണമാണ് ലഭിച്ചത്. അതിലും വലിയ സ്വീകരണം 11ന് നല്‍കാനാണ് യു ഡി എഫ് പദ്ധതി.

എസ് കെ എം ജെ ഗ്രൗണ്ടില്‍ നല്‍കുന്ന സ്വീകരണത്തിലും റോഡ് ഷോയിലും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എം എല്‍ എ, ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജി, കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍, നേതാക്കളായ റസാഖ് കല്‍പ്പറ്റ, പി പി ആലി, എം എ ജോസഫ്, ടി ജെ ഐസക്, ആര്‍ രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിനു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിലെ പുതിയ അധ്യായത്തിനാണ് റോഡ് ഷോയിലൂടെ തുടക്കമാകുന്നതെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

മോഡി- അദാനി അവിശുദ്ധ ബന്ധം പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ എന്‍ ഡി എ സര്‍ക്കാര്‍ വേട്ടയാടിയത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കൂട്ടാക്കിയില്ല. പകരം രാഷ്ട്രീയ ഗൂഢാലോചനയിലൂടെ രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിക്കുകയാണുണ്ടായത്. അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയും പാര്‍ലമെന്റ് സെക്രട്ടേറിയറ്റിന്റെ തിരക്കിട്ട വിജ്ഞാപനവും വസതി ഒഴിയാനുള്ള നോട്ടീസും മറ്റു നടപടികളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയതിനെ വൈകാരികമായാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് കുടുംബങ്ങള്‍ കാണുന്നത്. രാഹുല്‍ ഗാന്ധിയുടെ കത്ത് വീടുകളില്‍ എത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും യു ഡി എഫ് ഭാരവാഹികള്‍ പറഞ്ഞു.

Latest