National
രാഹുലിന്റെത് മനപൂർവമുള്ള അസത്യപ്രചാരണം; ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
തന്റെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ന്യൂഡൽഹി | തന്റെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസ്താവന മനപൂർവമുള്ള അസത്യപ്രചാരണമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
2024 ഡിസംബറിൽ താൻ യുഎസ് സന്ദർശിച്ചത് ബൈഡൻ ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയെയും ദേശീയ സുരക്ഷാ ഉപദേശ്ടാവിനെയും (NSA) കണ്ടുമുട്ടാനാണ്. ഒരു ഘട്ടത്തിലും ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രധാനമന്ത്രി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സാധാരണയായി പ്രത്യേക പ്രതിനിധികളെയാണ് അത്തരം പരിപാടികളിലേക്ക് ഇന്ത്യ അയക്കാറുള്ളത്. രാഹുൽ ഗാന്ധിയുടെ അസത്യപ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാകാം, പക്ഷേ അത് വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി.
ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് ക്ഷണിക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിയെ യുഎസിലേക്ക് അയച്ചെന്നായിരുന്നു രാഹുലിന്റെ പരമാർശം. പരാമർശത്തിന് എതിരെ അപ്പോൾ തന്നെ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉൾപ്പെട ഭരണകക്ഷി നേതാക്കൾ ശക്തമായി രംഗത്ത് വന്നിരുന്ന. ഇതേ തുടർന്ന് തന്റെ പരമർശം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തിരുന്നു.