Connect with us

Ongoing News

രാഹുലും ശ്രേയസും തിരിച്ചെത്തി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് റെഡി

തിലക് വര്‍മയും സ്‌ക്വാഡില്‍ ഇടംനേടി. പരുക്കില്‍ നിന്ന് മോചിതനായി മടങ്ങിയെത്തിയ പേസര്‍ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും 17 അംഗ ടീമിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിലക് വര്‍മയും സ്‌ക്വാഡില്‍ ഇടംനേടി. പരുക്കില്‍ നിന്ന് മോചിതനായി മടങ്ങിയെത്തിയ പേസര്‍ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്.

മലയാളി താരം സഞ്ജു സാംസണിനെ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെടുത്തി. ഇഷാന്‍ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
കെ എല്‍ രാഹുല്‍ പരുക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായിട്ടില്ലെന്നും അതാണ് സഞ്ജുവിനെ റിസര്‍വായി ഉള്‍പ്പെടുത്താന്‍ കാരണമെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ഏഷ്യാ കപ്പിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ കളിയിലായിരിക്കും രാഹുല്‍ ഇറങ്ങുകയെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനും നേപ്പാളും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

 

 

---- facebook comment plugin here -----

Latest