Ongoing News
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി തുടരും
രാഹുൽ ദ്രാവിഡിന്റെയും മറ്റു സപ്പോർട്ട് സ്റ്റാഫുകളുടെയും കരാർ നീട്ടിയതായി ബി സി സി ഐ അറിയിച്ചു.
മുംബൈ | ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരീശീലകനായി രാഹുൽ ദ്രാവിഡ് തുടരും. രാഹുൽ ദ്രാവിഡിന്റെയും മറ്റു സപ്പോർട്ട് സ്റ്റാഫുകളുടെയും കരാർ നീട്ടിയതായി ബി സി സി ഐ അറിയിച്ചു. മുഖ്യ പരിശീലകൻ എന്ന നിലയിൽ രാഹുലിന്റെ കാലാവധി ലോകകപ്പ് ടൂർണമെന്റോടെ അവസാനിച്ചിരുന്നു. രാഹുലുമായി ചർച്ചകൾ നടത്തിയ ശേഷം ഏകകണ്ഡമായാണ് കാലാവധി ദീർഘീപ്പിച്ചത് നൽകിയതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും തത്സ്ഥാനങ്ങളിൽ തുടരും.
ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിന്റെ പങ്കിനെ ബോർഡ് പ്രശംസിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും ബിസിസിഐ വ്യക്തമാക്കി. സ്റ്റാൻഡ്-ഇൻ ഹെഡ് കോച്ച് എന്ന നിലയിൽ മാതൃകാപരമായ റോളുകൾക്ക് വിവിഎസ് ലക്ഷ്മണനെയും ബോർഡ് അഭിനന്ദിച്ചു. ദ്രാവിഡും ലക്ഷ്മണും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിച്ചതായും ബോർഡ് വിലയിരുത്തി.
രാഹുൽ ദ്രാവിഡിന്റെ കാഴ്ചപ്പാടും പ്രൊഫഷണലിസവും വഴങ്ങാത്ത പരിശ്രമവുമാണ് ടീം ഇന്ത്യയുടെ വിജയത്തിലെ പ്രധാന സ്തംഭങ്ങളെന്ന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുത്തതിന് മാത്രമല്ല അവയിൽ അഭിവൃദ്ധി പ്രാപിച്ചതിന് കൂടിയാണ് അദ്ദേഹത്തെ അഭിനന്ദിക്കുന്നതെന്നും റോജർ വ്യക്തമാക്കി. പ്രധാന പരിശീലകനായി തുടരാനുള്ള ഓഫർ രാഹുൽ ദ്രാവിഡ് സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടീം ഇന്ത്യയ്‌ക്കൊപ്പമുള്ള കഴിഞ്ഞ രണ്ട് വർഷം അവിസ്മരണീയമായിരന്നുവെന്ന് രാഹുൽ ദ്രാവിഡ് പ്രതികരിച്ചു. ഈ യാത്രയിലുടനീളം ടീമിൽ നിന്ന് പിന്തുണയും സൗഹൃദവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ തന്നിൽ വിശ്വാസമർപ്പിച്ചതിനും തന്റെ കാഴ്ചപ്പാടിനെ അംഗീകരിച്ചതിനും പിന്തുണ നൽകിയതിനും ബിസിസിഐക്കും ഭാരവാഹികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.