Attack against Rahuls Office
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: 23 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൽപ്പറ്റ | വയനാട് എം പി രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ജില്ലാ നേതാക്കളടക്കം 23 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാർട്ടിതലത്തിലും പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകും.
കൂടുതൽ പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന. സംഭവത്തിലെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കല്പറ്റ ഡി വൈ എസ് പിയെ സസ്‍പെൻഡ് ചെയ്തിരുന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. എസ് എഫ് ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തിൻ്റെ നടപടിയെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തിരുന്നു.
ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാൻ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.