Connect with us

National

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കി

രാഹുൽ​ ​ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കി.ഹിന്ദുക്കള്‍ ,അഗ്നിവീര്‍ ബിജെപി ,ആര്‍എസ്എസ്  തുടങ്ങിയവ പരാമര്‍ശിച്ച ഭാഗങ്ങളാണ് സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്.

ഹിന്ദുക്കളായ ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിക്കാണിച്ച് രാഹുലിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രണ്ടുതവണ ഇടപെടുകയും രാഹുലിന്റെ പരാമര്‍ശം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്നും പറഞ്ഞു. രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയത്. രാഹുൽ​ ​ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.

അംബാനിക്കും, അദാനിക്കുമെതിരായ പരാമര്‍ശം, അഗ്നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മോദിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് രാജ്യം. നീറ്റ് പരീക്ഷ, അഗ്നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും പ്രധാനമന്ത്രി സംസാരിക്കും.

Latest