rahul gandhi
ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി
ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്
ന്യൂഡല്‍ഹി | ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്നലെ രാഹുല്‍ ഗാന്ധി ലഡാക്കില്‍ പോയിരുന്നു. അവിടുത്തെ ജനങ്ങളില്‍ നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയില്‍ ചില നീക്കങ്ങള്‍ ഉണ്ടായെന്ന പ്രധാനമന്ത്രിയുടെ വാക്കുകളാണു രാഹുല്‍ഗാന്ധിയുടെ പ്രതികരണത്തിനു കാരണമായത്.
രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ പാങ്കോങ്ങില്‍ രാഹുല്‍ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പുഷ്പാര്‍ച്ചനയ്ക്കു ശേഷം പുറത്തുവന്നാണു രാഹുല്‍മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ജനങ്ങള്‍ പറഞ്ഞതായി രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളില്‍ ഇടപെടലുകള്‍ നടക്കുന്നില്ല.
ഇന്ത്യ-ചൈന പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമര്‍ശനം. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷമുള്ള ആദ്യ ചര്‍ച്ചയായിരിക്കും ഇത്. കൂടിക്കാഴ്ച്ചയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയാവുമെന്ന സൂചനക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.