RAHULGANDHI
രാഹുല്‍ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍; 55,000 രൂപയാണ് കൈവശമുള്ളത്
ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക
കല്‍പ്പറ്റ | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്.
നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കലക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സജീവമാകും.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയതിന്റെ പ്രഭാവം കേരളത്തിലെ എല്ലാമണ്ഡലങ്ങളിലും ഉണ്ടായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഒരു മണിക്കൂറിലേറെ നീണ്ട വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോ നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. രാഹുല്‍ പ്രഭാവം ഇത്തവണയും മറ്റുമണ്ഡലങ്ങളിലും ഉണ്ടാവുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്.