National
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്നു: വി മുരളീധരന്‍
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചന
ന്യൂഡല്‍ഹി | ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശശക്തികളുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ദിവസം തന്നെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. വയനാട്ടിലെ പാരിസ്ഥിതിക ലംഘനങ്ങള്‍ അഞ്ചുവര്‍ഷത്തിനിടെ പാര്‍ലമെന്റില്‍ ഉന്നയിക്കാത്ത രാഹുല്‍ ഗാന്ധി തന്റെ വീഴ്ച മറക്കാന്‍ അത് ആയുധമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഓഹരി വിപണിയില്‍ നഷ്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. അദാനിഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ആദ്യ റിപ്പോര്‍ട്ട് തന്നെ സുപ്രീംകോടതി തളളിയതാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നും കോണ്‍ഗ്രസ് പങ്കാളിയായുള്ള ഗൂഢാലോചന ജനം തള്ളുമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.