Connect with us

National

രണ്ടിടത്തും കുതിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുമോ ?

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച സ്മൃതി ഇറാനിക്ക് അമേത്തിയില്‍ അടിതെറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി വന്‍ ലീഡുമായി കുതിക്കുകയാണ്. രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ എവിടെയാവും രാഹുല്‍ രാജി വെക്കുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. വയനാടിനെ രാഹുല്‍ കൈവിടുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു. ജയിച്ചാല്‍ വയനാടിനെ കൈവിടില്ലെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.അതേ സമയം വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജി വെച്ച് പകരം പ്രയങ്ക ഗാന്ധിയെത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നില്‍ക്കുകയും പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുകയും ചെയ്താല്‍ കേരളത്തിലും ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസിന് വലിയ മുന്നേറ്റം സാധ്യമാക്കാനാകും എന്നാണ് പാര്‍ട്ടി കരുതുന്നത്. പ്രിയങ്ക ഗാന്ധിയെത്തുന്നതോടെ രാഹുല്‍ വയനാട് കൈവിട്ടുവെന്ന പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കാനാകും. കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് വലിയ മുതല്‍ക്കൂട്ടായേക്കും.

ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായ റായ്ബറേലിയില്‍ 2014-ലും 2019-ലും സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചിരുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സോണിയ ഗാന്ധിയുടെ വിജയം. ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് സോണിയ പരാജയപ്പെടുത്തിയത്. ഇതേ ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇത്തവണ രാഹുല്‍ പരാജയപ്പെടുത്തിയത്.

സോണിയ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടി രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കുമെന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

അതേ സമയം രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച സ്മൃതി ഇറാനിക്ക് അമേത്തിയില്‍ അടിതെറ്റി. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ അമേത്തിയില്‍ വന്ന് മത്സരിക്കണമെന്നായിരുന്നു സ്്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചത്. എന്നാല്‍ അമേത്തിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്.

 

Latest