national herarld case
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യല്‍ തുടരുന്നു
നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; പോലീസ് കൈയേറ്റത്തില്‍ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇ ഡി ചോദ്യം ചെയ്യല്‍ തുടരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. മുകുള്‍ വാസ്‌നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബാഗേല്‍, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നേതാക്കളെ പോലീസ് തുഗ്ലക് സ്‌റ്റേഷനിലേക്ക് മാറ്റി. കെ സി വേണുഗോപാലിനെ ഡല്‍ഹി പോലീസ് കൈയേറ്റം ചെയ്തു. കൈയേറ്റത്തിനിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു.
കാല്‍നടയായാണ് രാഹുല്‍ ഇ ഡി ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. നിരവധി പോലീസ് വാഹനങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കാല്‍നടയായി രാഹുലിനൊപ്പം സഞ്ചരിക്കാന്‍ പ്രവര്‍ത്തകരെ പോലീസ് അനുവദിച്ചില്ല. സഹോദരി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
200 ഓളം പ്രവര്‍ത്തകര്‍ക്കൊപ്പം ഇ ഡി ഓഫീസിലേക്ക് പ്രകടനവുമായി പോകാനായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ പ്ലാന്‍ ചെയ്തിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ എ ഐ സി സി ആസ്ഥാനത്ത് പുറത്ത് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ മാത്രമേ കടത്തിവിടൂവെവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രവര്‍ത്തകരേയും നേതാക്കളേയും കൂട്ടത്തോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
എ ഐ സി സി ഓഫീസിന് സമീപത്തെ എല്ലാ റോഡുകളും അടച്ചായിരുന്നു പോലീസിന്റെ പ്രതിരോധ നടപടികള്‍. എ ഐ സി സി ഓഫീസിനും ഇ ഡി ഓഫീസിനും ഇടയിലെ ഒന്നര കിലോമീറ്റര്‍ പൂര്‍ണമായും പോലീസ് വലയലായിരുന്നു. കേന്ദ്രസേന എ ഐ സി സി ആസ്ഥാനത്ത് നിലയുറപ്പിച്ചു. രാഹുലിന്റെ അഭിഭാഷകരേയും ഇ ഡി ഓഫീസിലേക്ക് കടത്തിവിട്ടില്ല. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ മൂന്നാളില്‍ കൂടുതല്‍ പേരെ കൂടിനില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് നിരവധി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.എ ഐ സി സി ആസ്ഥാനത്തിനും ഇ ഡി ഓഫീസിനും ഇടയിലുള്ള പലയിടത്തും റോഡിന് സമീപം കുത്തിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
രാജ്യത്തെ 25 ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. രാഹുല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തുവരുന്നതുവരെ ഇ ഡി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.