National
പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് രാഹുല്‍ ഗാന്ധി
രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി| പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കി സഭ മുന്നോട്ട് കൊണ്ടു പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം തവണയും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷത്തിന് വേണ്ടി ഇന്ത്യ സഖ്യത്തിന്റെ അഭിനന്ദനം അറിയിക്കുന്നു. ഈ സഭ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. ഭരണപക്ഷത്തിന് രാഷ്ട്രീയ ശക്തി ഉണ്ടെങ്കിലും പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങളുടെ ശബ്ദമാവാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി സ്പീക്കറോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവായ ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചത്. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ഓം ബിര്‍ളയെ സ്പീക്കറുടെ ചെയറിലേക്ക് ആനയിച്ചത്.