Connect with us

Kerala

രാഹുല്‍ ഗാന്ധി തരംതാഴ്ന്ന നിലവാരത്തില്‍ പ്രതികരിക്കരുതായിരുന്നു; അതിരൂക്ഷ വിമര്‍ശവുമായി ഡി രാജ

പിണറായിയെ എന്തുകൊണ്ടാണ് ഇഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധി, ഡല്‍ഹി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും ഡി രാജ ചോദിച്ചു

Published

|

Last Updated

കോഴിക്കോട്  | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ.ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ സമാനമായ അറസ്റ്റ് ആവശ്യപ്പെടുകയാണ്.

പിണറായിയെ എന്തുകൊണ്ടാണ് ഇഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധി, ഡല്‍ഹി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും ഡി രാജ ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കെജരിവാളിനെയും ഹേമന്ത് സോറനെയുമെല്ലാം ഇഡി അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുമാണ്. രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ഡി രാജ പറഞ്ഞു.

ദേശീയ നേതാവായ രാഹുല്‍ ഗാന്ധി ഇത്തരം തരംതാഴ്ന്ന നിലവാരത്തില്‍ പ്രതികരിക്കരുതായിരുന്നു എന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ദേശീയ തലത്തില്‍ എന്തു രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നല്‍കുന്നത്? ദേശീയ നേതാവായ രാഹുല്‍ ഇത്തരത്തില്‍ തരംതാണ പ്രതികരണം നടത്തരുതായിരുന്നു. ആരാണ് മുഖ്യശത്രുവെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോ?”ബിജെപിയെയും അവരുയര്‍ത്തുന്ന വര്‍ഗീയ- ഫാസിസ്റ്റ്-കോര്‍പറേറ്റ് അനുകൂല നയങ്ങളെയും പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പറയാന്‍ ഇടതുപക്ഷത്തിന് കഴിയും. ജനങ്ങളോട് എന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ് യുഡിഎഫെന്നും ഡി രാജ പറഞ്ഞു