Connect with us

Kerala

'രാഹുൽ ഗാന്ധി മുഴക്കുന്നത് അപക്വമായ മൃദുഹിന്ദുത്വയുടെ പെരുമ്പറ'

ഇന്ത്യയെ ഹിന്ദു രാജ്യമാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിൽ മുസ്ലിം ലീഗിൻ്റെ നിലപാട് തുറന്നു പറയണം.

Published

|

Last Updated

മൃദുഹിന്ദുത്വയിൽ ഉടലൊളിപ്പിച്ച് രാഹുൽ ഗാന്ധി നടത്തുന്ന ട്രിപ്പീസ് ശേഷിക്കുന്ന കോൺഗ്രസ്സിനെയും കുളംതോണ്ടുമെന്ന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. മതാന്ധതക്കെതിരെ നടുനിവർത്തി, ശിരസ്സ് ഉയർത്തി മത നിരപേക്ഷതയുടെ പരിച ഉയർത്തുക എന്നതാണ് രാജ്യം ആവശ്യപ്പെടുന്ന യഥാർഥ രാഷ്ട്രീയം. മതന്യൂനപക്ഷങ്ങളും മതേതരവാദികളും കടുത്ത ആശങ്കയിലുള്ള ഘട്ടത്തിലാണ് രാഹുൽ ഗാന്ധി അത്യന്തം അപക്വമായ മൃദുഹിന്ദുത്വയുടെ പെരുമ്പറ മുഴക്കുന്നത്. രാജ്യം സംഘ്പരിവാറിനെതിരെ മതനിരപേക്ഷതയുടെ കോട്ടപണിയേണ്ട ഘട്ടങ്ങളിൽ അവർക്ക് വിടുപണി ചെയ്തും മൃദുഹിന്ദുത്വയുടെ കാപട്യം കളിച്ചുമാണ് കോൺഗ്രസ്സ് ഇന്നു കാണുന്ന പരുവത്തിലേക്ക് മെലിഞ്ഞൊട്ടിയത്. ഇന്ത്യയെ ഹിന്ദു രാജ്യമാക്കുമെന്ന രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനത്തിൽ മുസ്ലിം ലീഗിൻ്റെ നിലപാട് തുറന്നു പറയണമെന്നും ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ശ്രീ: രാഹുൽ,

മത്സരം ‘ ഹിന്ദുത്വവും മതനിരപേക്ഷതയും തമ്മിലാണ്…

രാജ്യം വിപത്കരമായ സാമൂഹിക പരിസരത്താണ്. കോർപ്പറേറ്റ് ശക്തികൾ സംഘ്പരിവാറിനെ ഉപകരണമാക്കി രാജ്യവിഭവങ്ങൾ കൊള്ളചെയ്തു ചീർത്തുവീർത്തു വളരുന്നു. രാജ്യത്തെ സാധാരണ ജനതയുടെ ജീവിതം ചോദ്യചിഹ്നമായി ഉഴറിനിൽക്കുന്നു. ജീവിതം വഴിമുട്ടിയ കർഷകരും തൊഴിലാളികളും സമരനിലങ്ങളിലാണ്. മതന്യൂനപക്ഷങ്ങളും – മതേതരവാദികളും കടുത്ത ആശങ്കയിലാണ്. ആ ഘട്ടത്തിലാണ് ശ്രീ രാഹുൽ ഗാന്ധി അത്യന്തം അപക്വമായ മൃദുഹിന്ദുത്വയുടെ പെരുമ്പറ മുഴക്കുന്നത്. രാജ്യത്തെ പോരാട്ടം “ഹിന്ദുത്വയും ഹിന്ദുക്കളും തമ്മിലാണ്. യഥാർത്ഥ ഹിന്ദുക്കളെ അധികാരത്തിൽ എത്തിക്കണം.”!!! ബഹുസ്വരതയുടെ സകല ചിഹ്നങ്ങളും തച്ചുടച്ചും മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലേക്ക് ചീറി അടുത്തും ഫാഷിസം കൊമ്പ് കുലുക്കി അലറുമ്പോൾ മതനിരപേക്ഷതയുടെ പ്രതിശബ്ദത്താൽ പ്രതിരോധം സൃഷ്ടിക്കേണ്ട രാഹുൽ ഗാന്ധിയുടെ വാക്കുകളാണിത് ! രാജ്യം സംഘ്പരിവാറിനെതിരെ മതനിരപേക്ഷതയുടെ കോട്ടപണിയേണ്ട ഘട്ടങ്ങളിൽ അവർക്ക് വിടുപണി ചെയ്തും, മൃദുഹിന്ദുത്വയുടെ കാപട്യം കളിച്ചുമാണ് കോൺഗ്രസ്സ് ഇന്നു കാണുന്ന പരുവത്തിലേക്ക് മെലിഞ്ഞൊട്ടിയത്. കഴിഞ്ഞ യുപി തിരഞ്ഞെടുപ്പിൽ മുസ്ലിം നാമത്തിൽ അറിയപ്പെടുന്ന ഒരാളെയും തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് അടുപ്പിക്കാതെയും, ഗോമൂത്ര ജ്യൂസും, ചാണക കേക്കും പ്രകടനപത്രികയിൽ എണ്ണിപ്പറഞ്ഞുമാണ് കോൺഗ്രസ്സ് ബിജെപിയെ നേരിട്ടത്. ഇന്ത്യൻ പാർലമെൻ്റിൽ അംഗങ്ങളായ സംഘ്പരിവാറുകാരിൽ മുക്കാൽ പങ്കും പഴയ കോൺഗ്രസ്സുകാരായിട്ടും ആ ധൈഷണിക ഷണ്ഡത്വത്തിൽനിന്നും ഒരു ഇഞ്ച് മുന്നോട്ടു നീങ്ങാൻ കോൺഗ്രസ്സിന്ന് കഴിഞ്ഞിട്ടില്ലെന്നതിൻ്റെ പരസ്യ പ്രഖ്യാപനമാണ് ശ്രീ രാഹുൽ കഴിഞ്ഞദിവസം നടത്തിയിട്ടുള്ളത്. ഇന്ത്യയെ ഹിന്ദു രാജ്യമാക്കുമെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിൽ മുസ്ലിം ലീഗിൻ്റെ നിലപാട് തുറന്നു പറയണം. ഇന്ത്യയെ ഹിന്ദുത്വയിൽനിന്ന് മോചിപ്പിച്ച് ഗാന്ധിജിയും, നെഹ്റുവും വിഭാവനം ചെയ്ത സെക്യുലർ രാജ്യമാക്കണം. മൃദുഹിന്ദുത്വയിൽ ഉടലൊളിപ്പിച്ച് രാഹുൽ നടത്തുന്ന ട്രിപ്പീസ് ശേഷിക്കുന്ന കോൺഗ്രസ്സിനെയും കുളംതോണ്ടും. മതാന്ധതക്കെതിരെ നടുനിവർത്തി ശിരസ്സ് ഉയർത്തി മത നിരപേക്ഷതയുടെ പരിച ഉയർത്തുക എന്നതാണ് രാജ്യം ആവശ്യപ്പെടുന്ന യഥാർത്ഥ രാഷ്ട്രീയം. ഇടതുപക്ഷം നിർവ്വഹിച്ചുപോരുന്നത് ഈ ശരിയുടെ രാഷ്ട്രീയമാണ്.

Latest