National
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
രാഹുല്‍ ഗാന്ധി നയിച്ച രണ്ട് ജോഡോ യാത്രകളും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സഹായിച്ചുവെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി
ന്യൂഡല്‍ഹി | രാഹുല്‍ഗാന്ധി ലോക്‌സഭ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകയും പ്രമേയം പാസാക്കുകയും ചെയ്തു. പിന്നാലെ രാഹുലില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായതായും കെസി വേണുഗോപാല്‍ അറിയിച്ചു.
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷ നിരയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് കോണ്‍ഗ്രസ്. 101 സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് രാഹുല്‍ പ്രതിപക്ഷ നേതാവ് ആകണമെന്ന പ്രമേയം കൊണ്ടു വന്നു. പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി ഇതിനെ പിന്തുണക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധി തുടരും. സോണിയ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ പേര് ലോക്‌സഭ സ്പീക്കര്‍ക്ക് നിര്‍ദേശിക്കും. രാഹുല്‍ ഗാന്ധി നയിച്ച രണ്ട് ജോഡോ യാത്രകളും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സഹായിച്ചുവെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.
അതേസമയം വയാനാട്ടിലും റായ്ബറേലിയിലും തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ റായ്ബറേലി നിലനിര്‍ത്തി വയാനാട് സീറ്റ് രാജിവെക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 17ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാഹുല്‍ വയനാട് സന്ദര്‍ശിച്ച ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
റായ്ബറേലിയോ വയനാടോ രാഹുല്‍ ഗാന്ധി നിലനിര്‍ത്തേണ്ടത് എന്ന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ രാഹുല്‍ വയനാട്ടില്‍ തുടരണമെന്ന് ആഗ്രഹം പ്രടിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ രണ്ടാം തവണയാണ് വയനാട് തിരഞ്ഞെടുക്കുന്നതെന്നും വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി ആഗ്രഹിക്കുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനാണ് യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത്.
റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്തണമെന്ന് യുപി നേതാവ് ആരാധന മിശ്ര ആവശ്യപ്പെട്ടു. ഇതൊരു പരമ്പരാഗത കുടുംബ സീറ്റാണെന്നും തലമുറകളായി അതാണ് തുടര്‍ന്നുവരുന്നെതന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പുനരുജ്ജീവനത്തിന് റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു.