National
രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും
രാഹുല്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആഹ്വാനത്തെ കോണ്‍ഗ്രസ് പാടേ തള്ളിക്കളഞ്ഞു.
ന്യൂഡല്‍ഹി| അദാനി-ഹിന്‍ഡന്‍ബെര്‍ഗ് വിഷയവും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യവും നിലനില്‍ക്കെ ഇന്നും യോഗം ചേര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ജനാധിപത്യ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള വന്‍ വിവാദത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഭരണകക്ഷിയായ ബിജെപിയുടെ ആഹ്വാനത്തെ കോണ്‍ഗ്രസ് പാടേ തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ലണ്ടനില്‍ കള്ളം പറയുകയും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വ്യക്തി, തനിക്ക് ഇന്ത്യയില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് വിദേശത്ത് പറഞ്ഞുവെന്ന് റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഹുലിന് കോണ്‍ഗ്രസിനെ മുക്കിക്കളയാന്‍ കഴിയും. പക്ഷേ, അദ്ദേഹം രാഷ്ട്രത്തെ ദ്രോഹിക്കാനോ അപമാനിക്കാനോ ശ്രമിച്ചാല്‍, പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യുകെയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ പറഞ്ഞിരുന്നു. നിലവില്‍ അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.