Connect with us

Kerala

രാഹുല്‍ റായ്ബറേലിയില്‍; വയനാട്ടിലെ വോട്ടര്‍മാരോടുള്ള നീതികേടെന്ന് ആനി രാജ

തോല്‍വി ഭയന്നാണ് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയതെന്ന് ബിജെപി ആരോപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ആശങ്കകള്‍ക്കു വിരാമമിട്ട് നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതോടെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നിരാശ. ലോക്സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പുറകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് റായ്ബറേലിയിലേക്ക് പുറപ്പെട്ടു. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പത്രികാ സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ ഐ സിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍, യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റായ്ബറേലിയില്‍ രാഹുല്‍ റോഡ്ഷോയും നടത്തും.

അതേസമയം തോല്‍വി ഭയന്നാണ് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയതെന്ന് ബിജെപി ആരോപിച്ചു. വയനാട് മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയായ രാഹുല്‍ഗാന്ധി ഇവിടെ ഇത്തവണയും ജനവിധി തേടിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിലെ ഇടതു പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തള്ളിയായിരുന്നു രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടാതെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സി പി ഐയുടെ ദേശീയ നേതാവ് ആനി രാജയോട് ഏറ്റുമുട്ടാനെത്തിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്ന ആരോപണം ബി ജെ പി ശക്തമാക്കിയ പശ്ചാത്തലത്തിലാണ് റായ്ബറേലിയില്‍ ജനവിധി തേടണമെന്ന പാര്‍ട്ടിയുടെ ആവശ്യം രാഹുല്‍ ഒടുവില്‍ അംഗീകരിക്കുന്നത്. ഇതോടെ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍ ചോദ്യ ചിഹ്നമുയര്‍ന്നു. റായ്ബറേലിയില്‍ വിജയിച്ചാല്‍ രാഹുല്‍ വയനാട് ഉപേക്ഷിക്കുമെന്നാണ് വയനാടിന്റെ ആശങ്ക. വയനാട്ടിലെ വോട്ടര്‍മാരോടുള്ള നീതികേടാണ് രാഹുല്‍ കാണിച്ചതെന്നു ആനി രാജ പ്രതികരിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നത്.

 

 

 

Latest