fake news
വ്യാജ വാര്‍ത്തകള്‍ക്ക് നടുവിലെ രാഹുല്‍
പ്രതിപക്ഷ നിരയുടെ നേതൃത്വത്തില്‍ നില്‍ക്കുന്നയാളെ നുണ പ്രചരിപ്പിച്ച് നിശ്ശബ്ദനാക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തെ ബന്ദിയാക്കുന്നതിന് തുല്യമാണ്. വിയോജിപ്പിനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവന്‍. നുണപ്രചാരകരായി മാധ്യമ സ്ഥാപനങ്ങള്‍ മാറുമ്പോള്‍ ഈ സംവിധാനത്തിന്റെയാകെ വിശ്വാസ്യത തകരുകയാണ്.
സത്യം ചെരുപ്പിടും മുമ്പേ നുണ ഉലകം ചുറ്റിയിരിക്കുമെന്നാണല്ലോ. സത്യാനന്തര കാലത്ത് അത് “സത്യം ചെരുപ്പിടും മുമ്പേ, പല നുണ ഉലകം ചുറ്റിയിരിക്കുമെ’ന്ന് മാറ്റി പറയേണ്ടിയിരിക്കുന്നു. മാധ്യമ ലോകത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ അരങ്ങു വാഴുകയാണ്. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരം വ്യാജ നിര്‍മിതികള്‍ പിറക്കുകയും പരക്കുകയും ചെയ്യുന്നതെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍, പ്രിന്റ്, ദൃശ്യമാധ്യമങ്ങളും ഈ ദുഷ്പ്രവണതയില്‍ നിന്ന് കുറ്റവിമുക്തമല്ല എന്നതാണ് സത്യം. വളച്ചൊടിക്കുക, അമിത പ്രാധാന്യം നല്‍കുക, മറച്ചു വെക്കുക, ഒരു വശം മാത്രം പറയുക, പരിശോധനക്ക് വിധേയമാക്കാതെ വാര്‍ത്ത കൊടുക്കുക, പ്രത്യേക സമുദായത്തെയോ വിഭാഗത്തെയോ ലക്ഷ്യമിട്ട് വാര്‍ത്ത നിര്‍മിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യം സംരക്ഷിക്കാനായി വാര്‍ത്താ നിര്‍മിതി നടത്തുക തുടങ്ങിയ വഴിവിട്ട മാധ്യമ പ്രവര്‍ത്തനം നിരന്തരം നടക്കുകയാണ്. മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും അന്തസ്സ് കെടുത്തുന്ന തരത്തിലാണ് ചിലര്‍ നുണപ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നത്.
തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ പരമാവധി പോയാല്‍ ഒരു മാപ്പ് പറയും. മാനുഷികമായ പിഴവെന്നാകും മറുപടി. ബോധപൂര്‍വം നുണ പറഞ്ഞിട്ട് നടത്തുന്ന ഈ കുമ്പസാരം കൊണ്ട് എന്ത് ഗുണമാണുള്ളത്. ഉലകം ചുറ്റിക്കഴിഞ്ഞ നുണ പിന്‍വലിക്കാനാകുമോ? അതുണ്ടാക്കിയ മുറിവുകള്‍ ഉണക്കാനാകുമോ? ഈ ക്ഷമാപണത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഘട്ടത്തിലും നുണ പ്രചരിച്ചുകൊണ്ടേയിരിക്കുകയാണെന്ന് മനസ്സിലാക്കണം. വലിയ എഡിറ്റര്‍മാരും സഹ എഡിറ്റര്‍മാരും ഒക്കെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളുടെ വ്യാപനം നടക്കുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്. അങ്ങനെ പരമ്പരാഗത മാധ്യമങ്ങളും നവ മാധ്യമങ്ങളും നുണ നിര്‍മാണ, പ്രചാരണത്തില്‍ കൈകോര്‍ക്കുന്നു. ഈ സംവിധാനം സമര്‍ഥമായി ഉപയോഗിക്കുന്നത് വര്‍ഗീയവാദികളും തീവ്ര വലതുപക്ഷ സംഘങ്ങളുമാണ്. ഇത്തരം വ്യാജ വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നവരെ വേട്ടയാടാന്‍ നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഏറ്റവും കഷ്ടം. ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അനുഭവം ഇതാണ് കാണിക്കുന്നത്.
വ്യാജ വാര്‍ത്താ നിര്‍മിതിയുടെ ഏറ്റവും പുതിയ ആവിഷ്‌കാരമാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചെയ്തത്. തന്റെ ഓഫീസില്‍ കടന്ന് കയറി വാഴ സ്ഥാപിച്ച എസ് എഫ് ഐ പ്രവര്‍ത്തകരോട് ക്ഷമിക്കുന്നുവെന്നും അവര്‍ കുട്ടികളല്ലേയെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്. ഒരു നേതാവില്‍ നിന്നുണ്ടാകാവുന്ന മാതൃകാപരമായ പ്രതികരണമായിരുന്നു അത്. എന്നാല്‍ ഈ പ്രസ്താവന രാജ്യത്തുടനീളം സംവിധാനങ്ങളുള്ള സീ ന്യൂസ് ക്രൂരമായി വളച്ചൊടിച്ചു. ഉദയ്പൂര്‍ സംഭവത്തിലെ രാഹുലിന്റെ പ്രതികരണം എന്ന നിലയിലാണ് ചാനല്‍ ഇത് അവതരിപ്പിച്ചത്. കനയ്യ ലാലിനെ കൊന്നവരെ രാഹുല്‍ കുട്ടികളെന്ന് വിശേഷിപ്പിച്ചതായാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. രാഹുലിന്റെ വയനാട് പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് ഉദയ്പൂര്‍ ദൃശ്യങ്ങള്‍ കയറ്റിയായിരുന്നു വാര്‍ത്താ നിര്‍മിതി. ബി ജെ പി നേതാക്കള്‍ അടക്കം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അടക്കമുള്ള ബി ജെ പി നേതാക്കളാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. ആ വീഡിയോ സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത ആയിരക്കണക്കായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കറങ്ങുകയാണ്.
സംഭവം വിവാദവും കേസുമായതോടെ ചാനല്‍ മാപ്പുമായെത്തി. സീ ന്യൂസ് അവതാരകനായ രോഹിത് രഞ്ജന്‍ തെറ്റുപറ്റിയതായി സമ്മതിച്ചു. എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. വീഡിയോ വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് കൃത്യമായി തെളിയിച്ചതോടെ ബി ജെ പി നേതാക്കള്‍ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ വീണ്ടും പങ്കുവെച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി എന്നേ ആരംഭിച്ച അപഹാസ പ്രചാരണത്തിന്റെ ഭാഗമാണിത്. ഒരിക്കല്‍ ഒഴിവാക്കിയ പോസ്റ്റ് വീണ്ടും അപ്‌ലോഡ് ചെയ്യുന്നത് അതുകൊണ്ടാണ്. ഇത് ആദ്യമായിട്ടല്ല രാഹുലിന്റെ വയനാട് സന്ദര്‍ശനം ബി ജെ പി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. വയനാട്ടില്‍ രാഹുലിന്റെ റാലിയിലേന്തിയ മുസ്‌ലിം ലീഗിന്റെ പതാക പാക്കിസ്ഥാന്‍ പതാകയെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. ചൈനീസ് നുഴഞ്ഞു കയറ്റത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശവും ഇത്തരത്തില്‍ വളച്ചൊടിച്ചു. രാഹുല്‍ ലണ്ടനില്‍ നടത്തിയ സംവാദത്തിലെ ഭാഗങ്ങളും വെട്ടിമുറിച്ച് വിപരീത അര്‍ഥം സൃഷ്ടിക്കാന്‍ ഉപയോഗിച്ചിരുന്നു.
ഫെഡറല്‍ തത്ത്വങ്ങളെ കാറ്റില്‍ പറത്തുന്ന പോലീസ് ഇടപെടലും കണ്ടു ഈ സീ ന്യൂസ് എപിസോഡില്‍. വ്യാജ വീഡിയോ കെട്ടിച്ചമച്ചതിന് രോഹിത് രഞ്ജിത്തിനെതിരെ ഛത്തീസ്ഗഢ് പോലീസ് കേസെടുത്തിരുന്നു. ഈ എഫ് ഐ ആറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നോയിഡയിലെ സീ ന്യൂസ് ഓഫീസിലെത്തിയ ഛത്തീസ്ഗഢ് പോലീസിനെ നേരിട്ടത് യു പി പോലീസായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇവര്‍ ഏറ്റുമുട്ടി. ഒടുവില്‍ യു പി പോലീസ് രോഹിതിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്തൊക്കെയാണ് രാജ്യത്ത് നടക്കുന്നത്?പോലീസും അന്വേഷണ ഏജന്‍സികളും ഉദ്യോഗസ്ഥ വൃന്ദവുമെല്ലാം ഭരണകര്‍ത്താക്കളുടെ കങ്കാണിമാരായി മാറുന്നത് എത്ര ഭീകരമാണ്. ഈ ഡീപ് സ്റ്റേറ്റ് പ്രവണത ഇങ്ങനെ തുടരുകയാണെങ്കില്‍ നിയമവാഴ്ച എങ്ങനെ ഉറപ്പ് വരുത്താനാകും?
ഇവിടെ ഗൗരവതരമായി കണക്കിലെടുക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പ്രതിപക്ഷ നിരയുടെ നേതൃത്വത്തില്‍ നില്‍ക്കുന്നയാളെ നുണ പ്രചരിപ്പിച്ച് നിശ്ശബ്ദനാക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തെ ബന്ദിയാക്കുന്നതിന് തുല്യമാണ്. വിയോജിപ്പിനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവന്‍. നുണപ്രചാരകരായി മാധ്യമ സ്ഥാപനങ്ങള്‍ മാറുമ്പോള്‍ ഈ സംവിധാനത്തിന്റെയാകെ വിശ്വാസ്യത തകരുകയാണ്. അതുകൊണ്ട് സീ ന്യൂസില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ചവര്‍ നിയമത്തിന്റെ മുമ്പില്‍ വരണം. പ്രസ്സ് കൗണ്‍സില്‍ അടക്കമുള്ളവ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മാധ്യമങ്ങളില്‍ ആന്തരിക തെറ്റുതിരുത്തല്‍ പ്രക്രിയ സജീവമാകണം.