Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും യു ആര്‍ പ്രദീപിന്റേയും സത്യപ്രതിജ്ഞ ഇന്ന്
നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരുവനന്തപുരം | ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലക്കാട് നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ച് കയറിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.
ചേലക്കരയില്‍ 12, 201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ യു ആര്‍ പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെയാണ് പ്രദീപ് തോല്‍പ്പിച്ചത്. അതേസമയം 2021 ല്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. രാധാകൃഷ്ണന് പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും ലഭിച്ചപ്പോള്‍, പ്രദീപിന് 41.44 ശതമാനം വോട്ടാണ് ലഭിച്ചത്.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാഹുലിന് സ്വീകരണം നല്‍കും. രാവിലെ എകെജി സെന്ററില്‍ എത്തിയശേഷമാകും യു ആര്‍ പ്രദീപ് സത്യപ്രതിജ്ഞക്കായി നിയമസഭയിലെത്തുക.