From the print
രാഹുല്‍ വയനാട് വിട്ടേക്കും; സീറ്റിനായി നീണ്ടനിര
രാഹുല്‍ പിന്‍മാറിയാല്‍ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാന നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, എം എം ഹസന്‍, ടി സിദ്ദീഖ് തുടങ്ങി നിരവധി പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
കല്‍പ്പറ്റ | രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെ സീറ്റിനായി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചരടുവലി തുടങ്ങി. സംസ്ഥാനത്ത് യു ഡി എഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് വയനാട്. മണ്ഡലം രൂപവത്കരണത്തിന് ശേഷം യു ഡി എഫിനെ കൈവിടാത്ത മണ്ഡലം. ഈ ഒറ്റ കാരണത്താല്‍ തന്നെ നിരവധി പേരാണ് രാഹുല്‍ പിന്‍മാറിയാല്‍ സീറ്റിനായി രംഗത്തുള്ളത്.
യു പിയിലെ അമേഠിക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരിയോ, കര്‍ണാടകയിലെ ഏതെങ്കിലുമൊരു മണ്ഡലമോ രാഹുല്‍ തിരഞ്ഞെടുത്തേക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്‍കുന്ന സൂചന. രാഹുല്‍ പിന്‍മാറിയാല്‍ എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാന നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, എം എം ഹസന്‍, ടി സിദ്ദീഖ് തുടങ്ങി നിരവധി പേരുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
രാഹുല്‍ തന്റെ പഴയ തട്ടകമായ അമേഠിയില്‍ വീണ്ടും ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇന്നലെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ അദ്ദേഹം പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളെ ഇക്കര്യം അറിയിച്ചതായാണ് വിവരം. സോണിയാ ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല. ഗാന്ധി കുടുംബം പൂര്‍ണമായും വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി കൂടി കണക്കിലെടുത്ത് രാഹുല്‍ അമേഠിയില്‍ ഇറങ്ങുമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണേന്ത്യയില്‍ ഉറച്ച വിജയപ്രതീക്ഷയുള്ള സീറ്റെന്ന നിലയിലാണ് കഴിഞ്ഞ തവണ രണ്ടാം മണ്ഡലമായി വയനാട്ടില്‍ മത്സരിക്കാനെത്തിയത്. സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍(അഞ്ച് ലക്ഷത്തോളം) അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ ഗുണം ചെയ്‌തെങ്കിലും മറ്റിടങ്ങളില്‍ ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ബി ജെ പി ഉത്തരേന്ത്യയില്‍ പ്രചാരണ ആയുധമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് ഇത്തവണത്തേത്. കോണ്‍ഗ്രസ്സിനൊപ്പം ഇന്ത്യ സഖ്യം കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന പാര്‍ട്ടിയാണ് സി പി ഐ. അവരുടെ പ്രമുഖ നേതാവാണ് വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ തന്നെ പരസ്പരം ഏറ്റുമുട്ടുന്നത് ബി ജെ പി ദേശീയ രാഷ്ട്രീയത്തില്‍ പരിഹാസ രൂപേണ ഉപയോഗിക്കുമെന്ന് ഉറപ്പാണ്. കേന്ദ്രത്തില്‍ ബി ജെ പിക്കെതിരെ വരുന്ന ഏത് സഖ്യത്തിനും നിരുപാധിക പിന്തുണ നല്‍കുമെന്ന് ഇടത് നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ വയനാട്ടില്‍ നിന്ന് പിന്‍മാറി ദക്ഷിണേന്ത്യയില്‍ ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറിയേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ്സ് പല മണ്ഡലങ്ങളിലും സര്‍വേകള്‍ നടത്തിയിരുന്നു. കര്‍ണടകയില്‍ കോണ്‍ഗ്രസ്സിന് ഉറച്ച വിജയ പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ രാഹുല്‍ മത്സരിക്കണമെന്ന് അവിടത്തെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളാണിത്. തമിഴ്‌നാട്ടില്‍ ബി ജെ പി ജയിക്കുന്ന മണ്ഡലമാണ് കന്യാകുമാരി. ഇവിടെ കോണ്‍ഗ്രസ്സിന്റെ രണ്ട് സര്‍വേകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ രണ്ടിലും വിജയസാധ്യത എന്ന റിപോര്‍ട്ടാണ് ലഭിച്ചത്. കൂടാതെ ഡി എം കെയുടെ ശക്തികേന്ദ്രവുമാണ് കന്യാകുമാരി. രാഹുല്‍ മത്സരിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി സ്റ്റാലില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.