National
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍; സംഭലിലേക്ക് പോകാന്‍ അനുമതി ലഭിക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങാന്‍ തീരുമാനം
സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു എന്ന് രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു പറഞ്ഞു.
ന്യൂഡല്‍ഹി| ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സംഭലിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് പോലീസ്. ഗാസിപൂരില്‍ യുപി പോലീസ് റോഡ് അടച്ചു. യുപി -ഡല്‍ഹി അതിര്‍ത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു. രാഹുലും പ്രിയങ്കയും പുറത്തിറങ്ങാതെ കാറില്‍ തന്നെ തുടര്‍ന്നു. പിന്നീട് പോലീസുമായി നീണ്ട നേരം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
സംഭലിലേക്ക് രാഹുലും പ്രിയങ്കയും ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പോലീസ് നടപടി തെറ്റെന്ന് വിമര്‍ശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച ശേഷമാണ് മടങ്ങാന്‍ തീരുമാനിച്ചത്. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു എന്ന് രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു പറഞ്ഞു.
രാഹുലിനെയും പ്രിയങ്കയെയും സംഭലിലേക്ക് കടത്തി വിടാതിരിക്കാന്‍ പോലീസ് അതിര്‍ത്തികളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ വെച്ചിരുന്നു.ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുമുണ്ട്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സംഭലില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തുന്നതിന് ഉത്തര്‍ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി, യുപി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ട്. സംഭലിലെ മസ്ജിദില്‍ സര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.