Connect with us

Ongoing News

രാഹുല്‍ രാജ്; ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി

53 പന്തില്‍ 93 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിക്ക്‌ ഉജ്ജ്വല വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Published

|

Last Updated

ബെംഗളൂരു | തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയെങ്കിലും ബെംഗളൂരുവിനെ തറപറ്റിച്ച് ഡല്‍ഹി കാപിറ്റല്‍സ്. 13 പന്തുകള്‍ ശേഷിക്കേ ആറ് വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചെത്തുന്നതിലും ഉജ്ജ്വല വിജയം കരസ്ഥമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചത്. 53 പന്തില്‍ 93 റണ്‍സാണ് പുറത്താകാതെ രാഹുല്‍ ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത്. ആറ് സിക്‌സുകളും ഏഴ് ഫോറുകളും രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

ട്രിസ്റ്റന്‍ സ്റ്റബ്‌സ് 23 പന്തില്‍ നേടിയ 38 റണ്‍സും ഡല്‍ഹിയെ വിജയത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു. സ്റ്റബ്‌സും പുറത്താകാതെ നിന്നു. ഔട്ടായ ഡല്‍ഹി ബാറ്റര്‍മാരില്‍ നായകന്‍ അക്‌സര്‍ പട്ടേലിനു മാത്രമാണ് രണ്ടക്കം കാണാനായത്. ബെംഗളൂരുവിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യാഷ് ദയാല്‍, സുയാഷ് ശര്‍മ എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. നിശ്ചിത ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്‌തെങ്കിലും ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 163 റണ്‍സെടുക്കാനേ ടീമിനു കഴിഞ്ഞുള്ളൂ. ഫില്‍ സാള്‍ട് (17 പന്തില്‍ 37), വിരാട് കോലി (14ല്‍ 22), രജത് പടിദാര്‍ (23ല്‍ 25), ടിം ഡേവിഡ് (20ല്‍ 37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡല്‍ഹിക്കായി വിപ്രാജ് നിഗവും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റെടുത്തു. മുകേഷ് കുമാറും മോഹിത് ശര്‍മയും ഓരോ വിക്കറ്റ് വീഴ്ത്തി.

Latest