Assembly Election
തിരിച്ചെത്തി രാഹുല്‍; ആദ്യ പരിപാടി ഗോവ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം
തിരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധയമാണ്
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ രാജ്യത്ത് പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ രാജ്യം വിടുന്നെന്ന് പ്രതിപക്ഷത്തിനുള്ളില്‍ തന്നെ രാഹുലിനെതിരെ വിമര്‍ശനം ഉയരവെ രണ്ടാഴ്ച മുമ്പേ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്.
തിരിച്ചെത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ചനടത്തി. എ ഐ സി സിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധയമാണ്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് ഒരു ദേശീയ നേതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് ടി എം സിയുമായി യാതൊരു തിരഞ്ഞെടുപ്പ് സഖ്യവുമുണ്ടാവില്ലെന്ന് ചര്‍ച്ചക്ക് ശേഷം ദേശീയ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തിപ്പെടുത്തിയ ടി എം സിയുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ടി എം സിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി.