National
ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ മാപ്പ് പറയണം: സ്മൃതി ഇറാനി
പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറി

ന്യൂഡല്‍ഹി| ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ലണ്ടന്‍ സന്ദര്‍ശിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സര്‍വകലാശാലയില്‍ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് രാഹുല്‍ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിത്വത്തെ രാഹുല്‍ ഗാന്ധി ആക്രമിച്ചുവെന്നും സ്മൃതി പറഞ്ഞു. യുകെയില്‍ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വന്ന് മാപ്പ് പറയുന്നതിനു പകരം പാര്‍ലമെന്റില്‍ നിന്ന് മാറി നില്‍ക്കുന്നത് ലജ്ജാകരമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.